കുവൈത്ത് സിറ്റി: അർധരാത്രി മുതൽ വ്യാഴാഴ്ച വൈകിട്ട് 4 മണിവരെ 20 സാധാരണ സംഭവങ്ങളും 4 അസാധാരണ സംഭവങ്ങളും ഫയർഫോഴ്‌സ് കൈകാര്യം ചെയ്തതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു. അസാധാരണ സംഭവങ്ങളിൽ 3 എണ്ണം വ്യോമ പ്രതിരോധ തടയൽ നടപടികളിൽ നിന്ന് വീണ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഫയർഫോഴ്‌സിന്റെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് മാധ്യമ ബ്രിഫിംഗിൽ പറഞ്ഞു.
മറ്റൊരു സംഭവം ശത്രു ഡ്രോൺ ഒരു താമസകെട്ടിടത്തെ ലക്ഷ്യമിട്ടതിനെ തുടർന്ന് ഉണ്ടായ തീപിടിത്തമാണ്. ഈ സംഭവത്തിൽ കെട്ടിടം ഒഴിപ്പിക്കുകയും തീ നിയന്ത്രണത്തിലാക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അദ്ദേഹം പൗരന്മാരോടും താമസക്കാരോടും തീപിടിത്തമുണ്ടായാൽ ഉടൻ കെട്ടിടം ഒഴിഞ്ഞ് അടുത്ത സുരക്ഷിതമായ പുറംവാതിൽ വഴി പുറത്തേക്ക് പോകണമെന്നും, സഹായത്തിനായി അടിയന്തര നമ്പർ 112 വിളിക്കണമെന്നും നിർദേശിച്ചു.
തീപിടിത്ത സമയത്ത് ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ ഉപയോഗിക്കണമെന്നും, കഴിയുമെങ്കിൽ വാതിലുകൾ അടച്ച് തീയും പുകയും പടരുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വീടുകളിൽ ഫയർ എക്സ്റ്റിംഗിഷർ സൂക്ഷിക്കുന്നത് ചെറിയ തീപിടിത്തങ്ങൾ വേഗത്തിൽ നിയന്ത്രിക്കാൻ സഹായകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വൈദ്യുതി മുടങ്ങുമ്പോൾ ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയാൽ 112 എന്ന അടിയന്തര നമ്പറിലേക്ക് വിളിച്ച് ശാന്തമായി രക്ഷാസംഘം എത്തുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാനും ശാന്തതയും വിശ്വാസവും നിലനിർത്താനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.രാജ്യത്തെ സർക്കാർ ഏജൻസികൾ പൂർണ്ണ സജ്ജതയോടെയും ഏകോപനത്തോടെയും 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

