കുവൈത്ത് സിറ്റി: പ്രതിരോധ നടപടികൾക്കിടെ വീണ മിസൈൽ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട 5 റിപ്പോർട്ടുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് അറിയിച്ചു.
ഇറാന്റെ ആക്രമണ പശ്ചാത്തലത്തിൽ നിലവിലെ സംഭവവികാസങ്ങളെ കുറിച്ച് നടത്തിയ മാധ്യമ ബ്രീഫിംഗിലാണ് അദ്ദേഹം ഈ വിവരങ്ങൾ വ്യക്തമാക്കിയത്. വിസ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്ന സംഘങ്ങൾ (EOD) ബന്ധപ്പെട്ട സ്ഥലങ്ങളിൽ വേഗത്തിൽ ഇടപെട്ട് അവസ്ഥ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, 2026 ലെ ഡിക്രി-ലോ നമ്പർ 47 (തീവ്രവാദ കുറ്റകൃത്യങ്ങളെ നേരിടുന്നതിനുള്ള നിയമം) പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തിന്റെ ആന്തരിക സുരക്ഷയും പൊതുസമാധാനവും സംരക്ഷിക്കാനുള്ള സർക്കാരിന്റെ ഉത്തരവാദിത്വം കൂടുതൽ ശക്തിപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരം, ആളുകളെ ആയുധം ഉപയോഗിക്കാൻ പരിശീലിപ്പിക്കൽ, വെടിയുണ്ടകൾ കൈകാര്യം ചെയ്യാൻ പരിശീലനം നൽകൽ, അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി മാർഷ്യൽ ആർട്സ് പരിശീലനം നൽകൽ പോലുള്ള കുറ്റങ്ങൾ മരണശിക്ഷയോ ദീർഘകാല തടവോ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളായി കണക്കാക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

