കുവൈത്ത് സിറ്റി, ജൂൺ 23: തൈമ മേഖലയിൽ ഒരു പൗരന്റെ കാർ മോഷണം പോയ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. വീട്ടുമുന്നിൽ പാർക്ക് ചെയ്ത് വെച്ച് ഉടമ വീട്ടിലേക്ക് കയറിയതിനു പിന്നാലെയാണ് വാഹനം കാണാതായത്.പോലീസിൽ നൽകിയ പരാതിയിൽ, മൂന്ന് മിനിറ്റിൽ താഴെ മാത്രമാണ് വാഹനം ശ്രദ്ധിക്കാതെ വിട്ടതെന്ന് ഉടമ വ്യക്തമാക്കി. ഈ സമയം ഒരു അജ്ഞാതൻ കാർ കയറി ഓടിച്ചുകൊണ്ടുപോയതായാണ് വിവരം.
സംഭവത്തെ തുടർന്ന് വാഹനത്തിന്റെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ പട്രോൾ യൂണിറ്റുകൾക്കും കൈമാറി. “അജ്ഞാതൻ നടത്തിയ വാഹന മോഷണം” എന്ന കേസായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.വാഹനം കണ്ടെത്തുന്ന പക്ഷം അതിലുണ്ടാകുന്നവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശം നൽകി. കൂടാതെ, വാഹനം ഓടുന്ന നിലയിൽ ആളില്ലാതെ വിട്ടതിനാൽ വാഹന ഉടമയ്ക്കെതിരെയും ട്രാഫിക് നിയമലംഘനത്തിന് പിഴ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.



