കുവൈത്ത് സിറ്റി: അൽ-ഖാലിദിയ (ബി) പ്രധാന സബ്‌സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട അദൈലിയ ഏരിയ ഒന്നാം ബ്ലോക്കിലെ വൈദ്യുതി വിതരണം പൂർണ്ണമായും പുനഃസ്ഥാപിച്ചതായി കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു.
കടുത്ത ചൂടും ഉയർന്ന തോതിലുള്ള വൈദ്യുതി ഉപയോഗവും കാരണം ചൊവ്വാഴ്ചയാണ് അൽ-ഖാലിദിയ സബ്‌സ്റ്റേഷന് കീഴിലുള്ള രണ്ട് 11 കെവി സബ് ഫീഡറുകളുടെ പ്രവർത്തനം തകരാറിലായത്. ഇതേത്തുടർന്ന് അദൈലിയ ഏരിയയിലെ ഒന്നാം ബ്ലോക്കിലെ ചില ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുകയായിരുന്നു. തുടർന്ന് മന്ത്രാലയത്തിന്റെ അടിയന്തര വിഭാഗം സംഭവസ്ഥലത്തെത്തി നടത്തിയ യുദ്ധകാലാടിസ്ഥാനത്തിലുള്ള അറ്റകുറ്റപ്പണികൾക്കൊടുവിലാണ് പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായി പുനഃസ്ഥാപിച്ചത്.



