കുവൈത്ത് സിറ്റി: അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ നവീകരിക്കുന്നതിനുമായി കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി പുതിയ മൂന്ന് ഇലക്ട്രോണിക് സേവനങ്ങളുടെ പരീക്ഷണ ഘട്ടം ആരംഭിച്ചു. കുവൈത്തിന്റെ ഔദ്യോഗിക ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹൽ’ വഴിയാണ് ഈ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക. സുരക്ഷിതവും അങ്ങേയറ്റം രഹസ്യാത്മകവുമായ മാർഗ്ഗങ്ങളിലൂടെ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും അവ ഫോളോ അപ്പ് ചെയ്യാനും സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം.അഴിമതിയെക്കുറിച്ചുള്ള പരാതികൾ നേരിട്ട് സമർപ്പിക്കാനുള്ള സേവനം, സമർപ്പിച്ച പരാതികൾക്കൊപ്പം കൂടുതൽ അനുബന്ധ രേഖകൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യം, നൽകിയ പരാതിയുടെ നിലവിലെ അവസ്ഥ (കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയാണ് പുതുതായി ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂന്ന് പ്രധാന ഡിജിറ്റൽ സേവനങ്ങൾ.
ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, ഈ സേവനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനും ഉപഭോക്താക്കളുടെ അനുഭവം വിലയിരുത്തുന്നതിനുമാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഇത് ആരംഭിച്ചതെന്ന് ‘നസാഹ’ വ്യക്തമാക്കി. ഈ ഘട്ടത്തിലെ വിലയിരുത്തലുകൾ പൂർത്തിയാക്കി, ആവശ്യമായ മാറ്റങ്ങളും പുരോഗതികളും വരുത്തിയ ശേഷമായിരിക്കും പൊതുജനങ്ങൾക്കായി ഔദ്യോഗികമായി ഈ സേവനങ്ങൾ പൂർണ്ണതോതിൽ ലഭ്യമാക്കുക. ഗുണഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവുമായ ഡിജിറ്റൽ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.



