കുവൈത്ത് സിറ്റി: ആരോഗ്യരംഗത്തെ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനെ തുടർന്ന് 7 സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവദി ഉത്തരവിട്ടു.അടച്ചുപൂട്ടൽ ഉത്തരവിൽ ഒരു മെഡിക്കൽ സെന്റർ, ഒരു ക്ലിനിക്ക്, ഫിസിയോതെറാപ്പി സെന്ററുകൾ, ഹോം ഹെൽത്ത് കെയർ സേവന കമ്പനികൾ എന്നിവ ഉൾപ്പെടുന്നു.
ലൈസൻസിംഗ് വ്യവസ്ഥകൾ പാലിക്കാത്തത്, ആരോഗ്യപ്രവർത്തകരുടെ പ്രൊഫഷണൽ മാനദണ്ഡങ്ങൾ ലംഘിച്ചത്, സാങ്കേതിക-ഭരണപരമായ ചട്ടങ്ങൾ പാലിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രത്യേക പരിശോധനാ സമിതികൾ കണ്ടെത്തിയത്.സ്വകാര്യ ആരോഗ്യ മേഖലയിലെ മേൽനോട്ടം കൂടുതൽ ശക്തമാക്കുന്നതിനും നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.



