കുവൈറ്റ് സിറ്റി: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായി വൻ തുകയുടെ അടിയന്തിര പ്രതികരണ ഫണ്ടുമായി കുവൈത്ത്. നൂറ് മില്യൺ ഡോളർ പ്രാരംഭ മൂലധനത്തോടെ ‘കുവൈത്ത് എമർജൻസി റെസ്‌പോൺസ് ഫണ്ട്’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാൻ അധിനിവേശം മൂലം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ തകരാറുകൾ പരിഹരിക്കുന്നതിനും, ദേശീയ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും, അത്യാവശ്യ പൊതുസേവനങ്ങളും സുപ്രധാന സ്ഥാപനങ്ങളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ കുവൈത്ത് ലക്ഷ്യമിടുന്നത്.
കുവൈത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേൽ കരിനിഴൽ വീഴ്ത്തിയ ഇറാന്റെ അക്രമണ സ്വഭാവം കണക്കിലെടുക്കുമ്പോൾ മേഖല ഇപ്പോൾ കടന്നുപോകുന്നത് അതീവ നിർണായകമായ ഘട്ടത്തിലൂടെയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രിയും കുവൈത്ത് ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ചെയർമാനുമായ ഷെയ്ഖ് ജറഹ് ജാബർ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് വ്യക്തമാക്കി. ഈ അസാധാരണ സാഹചര്യത്തെ നേരിടാൻ ഉന്നതതലത്തിലുള്ള ഉത്തരവാദിത്തവും സന്നദ്ധതയും സംയുക്ത നീക്കങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദേശീയ മുൻകൈയെടുക്കലിലൂടെയുള്ള ഈ പുതിയ പദ്ധതി പ്രഖ്യാപിക്കാൻ ഞായറാഴ്ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൂടാതെ സർക്കാർ സ്ഥാപനങ്ങളോടും സ്വകാര്യ മേഖലയോടും സംഭാവന നൽകാൻ തുറന്ന ക്ഷണം നൽകിയിട്ടുണ്ട്.
കുവൈത്ത് എന്ന രാജ്യം കെട്ടിപ്പടുത്തിരിക്കുന്ന ഐക്യദാർഢ്യത്തിന്റെയും പരസ്പര പിന്തുണയുടെയും മൂല്യങ്ങളാണ് ഈ ചരിത്രപരമായ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിഭിന്നമായ വെല്ലുവിളികളെയും അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ പ്രാപ്തമായ രീതിയിൽ ഭരണഘടനാപരമായ സംവിധാനങ്ങളെ വികസിപ്പിച്ചെടുക്കാനും, അതിലൂടെ രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കാനും സുപ്രധാന സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും ഈ ഫണ്ട് അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.



