കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ സവിശേഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കുവൈറ്റിനോടുള്ള ഇന്ത്യയുടെ ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുടെ സന്ദർശനമെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ സന്ദേശം അദ്ദേഹം കുവൈറ്റ് നേതൃത്വത്തിന് കൈമാറിയതായും, ഈ ഘട്ടത്തിൽ കുവൈറ്റിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ന്യൂഡൽഹി സന്നദ്ധമാണെന്ന് അറിയിച്ചതായും അംബാസഡർ മാധ്യമങ്ങളോട് പറഞ്ഞു.
കുവൈറ്റ് ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾ, ലോജിസ്റ്റിക്സ് പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതുൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വൻ തീപിടുത്തങ്ങൾ അണയ്ക്കുന്നതിനുള്ള പ്രത്യേക ഫോം സാമഗ്രികൾ ഇന്ത്യ ഇതിനകം തന്നെ കുവൈറ്റിന് ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ഉഭയകക്ഷി സന്ദർശനങ്ങൾ ഉണ്ടാകുമെന്നും വിവിധ കരാറുകൾ ഒപ്പിടുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നും അവർ വെളിപ്പെടുത്തി.
സന്ദർശന വേളയിൽ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ്, കൂടാതെ വിദേശകാര്യ-പ്രതിരോധ മന്ത്രിമാർ എന്നിവരുമായി ഡോ. എസ്. ജയശങ്കർ ഉന്നതതല ചർച്ചകൾ നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ, പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ ആഗോള സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന സ്വാധീനം എന്നിവയായിരുന്നു ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. കുവൈറ്റ് ഭരണകൂടം നൽകിയ ഊഷ്മളമായ സ്വീകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അംബാസഡർ വിശദീകരിച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ ക്ഷേമവും അവസ്ഥയും നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച. കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രവാസി സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇവരുടെ വിവരങ്ങൾ അടങ്ങിയ ദൈനംദിന റിപ്പോർട്ടുകൾ ന്യൂഡൽഹിയിലെ മന്ത്രാലയത്തിന് കൈമാറുന്നുണ്ടെന്നും അവർ പറഞ്ഞു. വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഇന്ത്യൻ സർക്കാർ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയതായും അംബാസഡർ പരമിത ത്രിപാഠി അറിയിച്ചു.



