കുവൈറ്റ് സിറ്റി: മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയുടെ (ആരോഗ്യ ഉത്തരവാദിത്ത സമിതി) തീരുമാനപ്രകാരം രാജ്യത്തെ പ്രമുഖ ദന്തചികിത്സാ കേന്ദ്രം മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടു. മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക പരിശോധനാ സമിതികൾ നടത്തിയ കർശന പരിശോധനയിൽ കേന്ദ്രത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിഷയത്തിൽ മന്ത്രാലയം നടത്തിയ വിശദമായ അന്വേഷണങ്ങൾക്കും അവലോകനങ്ങൾക്കും ശേഷം മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കീഴിലുള്ള സാങ്കേതിക സമിതിയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഈ ദന്തചികിത്സാ കേന്ദ്രത്തിന്റെ ലൈസൻസ് ഉടമയും മെഡിക്കൽ ഡയറക്ടറുമായ കുവൈറ്റ് സ്വദേശിയായ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ തൊഴിൽപരമായ പിഴവുകളും ചട്ടലംഘനങ്ങളും ഉണ്ടായതായി സമിതി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന് മൂന്ന് മാസത്തെ സമ്പൂർണ്ണ അടച്ചുപൂട്ടൽ ശിക്ഷ ചുമത്തിയത്.
നേരത്തെ ഈ കേന്ദ്രത്തിനെതിരെ പരാതി ഉയർന്നപ്പോൾ തന്നെ ആരോഗ്യ മന്ത്രി സ്ഥാപനത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തുകയും, തുടർനടപടികൾക്കായി കേസ് മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു. മെഡിക്കൽ അനുബന്ധ തൊഴിലുകൾ നിയന്ത്രിക്കുന്നതിനുള്ള നിയമ വ്യവസ്ഥകളും രോഗികളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങളും മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. യോഗ്യതയുള്ള അതോറിറ്റിയുടെ തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നത് വഴി രാജ്യത്തെ ചികിത്സാ രംഗത്തെ സുതാര്യതയും തൊഴിൽപരമായ ഉത്തരവാദിത്തവും ഉറപ്പാക്കാനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും മികച്ച ആരോഗ്യ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



