കുവൈറ്റ് സിറ്റി: റോഡുകളിലും വീടുകൾക്ക് മുന്നിലും കെട്ടിട അവശിഷ്ടങ്ങളും നിർമ്മാണ അവശിഷ്ടങ്ങളും ഉപേക്ഷിക്കരുതെന്നും, അവ അതിനായി നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് തന്നെ മാറ്റണമെന്നും കുവൈറ്റ് പരിസ്ഥിതി പൊതു അതോറിറ്റി കർശന നിർദ്ദേശം നൽകി. ഇത് പാലിക്കുന്നത് പരിസ്ഥിതിപരവും നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കുവൈറ്റ് മുൻസിപ്പാലിറ്റി നടപ്പിലാക്കിവരുന്ന “കയ്യേറ്റങ്ങളില്ലാത്ത കുവൈറ്റ് കൂടുതൽ മനോഹരം” എന്ന ക്യാമ്പയിനുമായി സഹകരിച്ച്, കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ അതോറിറ്റി സക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം പറഞ്ഞു.
കെട്ടിട അവശിഷ്ടങ്ങളും മാലിന്യങ്ങളും അലസമായി തള്ളുന്നത് കുവൈറ്റ് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 33-ന്റെ വ്യക്തമായ ലംഘനമാണെന്ന് അൽ ഇബ്രാഹിം വിശദീകരിച്ചു. നിർദ്ദിഷ്ട കണ്ടെയ്നറുകളിലോ അനുമതിയുള്ള സ്ഥലങ്ങളിലോ അല്ലാതെ ഏതുതരം മാലിന്യങ്ങളും തള്ളുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ് (നിയമലംഘകർക്ക് 50 മുതൽ 500 കുവൈറ്റ് ദിനാർ വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്).



