കുവൈത്ത് സിറ്റി: രാജ്യത്തെ തന്ത്രപ്രധാനമായ നിർണായക പശ്ചാത്തല സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ നാലാം ദിവസമായ തിങ്കളാഴ്ച വൈകുന്നേരവും രാജ്യത്തെ പ്രമുഖ വൈദ്യുതി ഉൽപ്പാദന, കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം (സ്റ്റേറ്റ്‌മെന്റ് നമ്പർ 22), ആക്രമണത്തെ തുടർന്ന് നിരവധി കേന്ദ്രങ്ങളിൽ തീപിടുത്തമുണ്ടായി. ജനറൽ ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിച്ച മന്ത്രാലയത്തിന്റെ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ ഉടനടി ഇടപെടുകയും തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.
ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം, തകരാറിലായ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായുള്ള പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സാങ്കേതിക ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ വൈദ്യുതി, കുടിവെള്ള വിതരണ ശൃംഖലകളുടെ സ്ഥിരത നിലനിർത്തുന്നതിനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ചില വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ഔദ്യോഗിക വാർത്താ മാധ്യമങ്ങളിലൂടെ യഥാസമയം വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.



