കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികളെ നിയമപരമായ പ്രവൃത്തി സമയത്തേക്കാൾ കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ പാടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ (PAM) വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് അതോറിറ്റിയുടെ ഓർമ്മപ്പെടുത്തൽ.
കുവൈത്ത് തൊഴിൽനിയമപ്രകാരം ഒരു തൊഴിലാളിയെ ദിവസത്തിൽ 8 മണിക്കൂറിലധികമോ ആഴ്ചയിൽ 48 മണിക്കൂറിലധികമോ ജോലി ചെയ്യിപ്പിക്കാൻ പാടില്ല. തുടർച്ചയായി അഞ്ച് മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുമ്പോൾ വിശ്രമ ഇടവേള നൽകണമെന്നും അതോറിറ്റി അറിയിച്ചു.അധികസമയം (ഓവർടൈം) ജോലി ചെയ്യാൻ തൊഴിലുടമ ആവശ്യപ്പെടാമെങ്കിലും അത് തൊഴിൽനിയമത്തിലെ പരിധിക്കുള്ളിലായിരിക്കണം.
ഓവർടൈം മണിക്കൂറുകൾ രേഖപ്പെടുത്തുകയും അതിനുള്ള അധിക വേതനം തൊഴിലാളിക്ക് നൽകുകയും വേണം.ജോലി സമയം, വിശ്രമം, ഓവർടൈം എന്നിവ സംബന്ധിച്ച തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 64, 65, 66 പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നത് തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും തൊഴിൽസ്ഥലത്തെ സ്ഥിരതയ്ക്കും നിർണായകമാണെന്ന് മാന്‍പവർ അതോറിറ്റി വ്യക്തമാക്കി.



