കുവൈറ്റ് സിറ്റി: യാതൊരുവിധ തിരിച്ചറിയൽ രേഖകളുമില്ലാതെ രാജ്യത്ത് തങ്ങിയിരുന്ന മുപ്പത്തിരണ്ടുകാരനായ പാകിസ്ഥാൻ പൗരനെ കുവൈറ്റ് സുരക്ഷാ സേന മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു.
പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലെന്ന് വ്യക്തമായത്.
തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ, പണം നൽകി മനുഷ്യക്കടത്ത് സംഘങ്ങൾ വഴിയാണ് താൻ കുവൈറ്റിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയതെന്ന് ഇയാൾ സമ്മതിച്ചു. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ ബന്ധപ്പെട്ട നിയമ നിർവ്വഹണ വിഭാഗങ്ങൾക്ക് കൈമാറി.



