സൗദി : സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെർമിനൽ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്.മരിച്ചവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.പരിക്കേറ്റ 309 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
ആക്രമണത്തെ തുടർന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തിട്ടുണ്ട്. കുവൈത്ത് എയർവേയ്സും റിയാദിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു.ആക്രമണത്തിന് പിന്നിൽ യെമനിലെ ഹൂതി വിഭാഗമാണെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആരോപിച്ചു.
സാധാരണക്കാരെയും വിമാനത്താവള ജീവനക്കാരെയും ലക്ഷ്യമിട്ട ആക്രമണം യുദ്ധക്കുറ്റമാണെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ചായിരിക്കും തുടർനടപടികളെന്നും സഖ്യസേന അറിയിച്ചു. അതേസമയം, സൗദി വിമാനത്താവളങ്ങൾക്കെതിരായ ആക്രമണങ്ങളെ അമേരിക്ക ശക്തമായി അപലപിച്ചു. സംഭവത്തെ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഹൂതികൾക്കെതിരായ സൗദി സൈനിക നടപടികളിൽ അമേരിക്ക പങ്കുചേരാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസങ്ങളിലും റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണങ്ങൾ നടന്നിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ വ്യോമഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നുള്ള സുരക്ഷാ സാഹചര്യത്തിൽ കുവൈത്ത് എയർവേയ്സ് രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ പത്തിന് കുവൈത്തിൽ നിന്ന് റിയാദിലേക്കുള്ള KU775 വിമാനവും റിയാദിൽ നിന്ന് കുവൈത്തിലേക്കുള്ള KU776 വിമാനവുമാണ് റദ്ദാക്കിയത്.
റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു.യാത്രക്കാർ തങ്ങളുടെ വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും ബുക്കിങ്ങിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്.എം.എസ് വഴിയും മറ്റ് അറിയിപ്പുകളിലൂടെയും പുതിയ വിവരങ്ങൾ കൈമാറുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസ് ഉറപ്പാക്കണമെന്ന് റിയാദ് വിമാനത്താവള അധികൃതരും യാത്രക്കാരോട് അഭ്യർത്ഥിച്ചു.മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.



