കുവൈറ്റ് സിറ്റി : കുവൈത്ത് സാദ് അൽ അബ്ദുല്ല മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് സർക്കാർ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കിയ ഡ്രൈവറെ ജനറൽ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനം പിടിച്ചെടുത്ത് ക്രഷറിലേക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പ്രത്യേക വാട്സ്ആപ്പ് നമ്പറിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പരാതി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ നിരീക്ഷണ വിഭാഗത്തിന്റെ പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഡ്രൈവറെയും വാഹനത്തെയും പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ അപകടകരമായ ഡ്രൈവിങ്ങിനിടെ സർക്കാർ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിച്ചതായി സ്ഥിരീകരിച്ചു.
ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റി. പിടിച്ചെടുത്ത വാഹനം തകർക്കുന്നതിനായി ക്രഷറിലേക്ക് അയച്ചു.അതേസമയം, അപകടകരമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ സഹിതം 99324092 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ഇത്തരം പരാതികൾ നിയമലംഘകരെ വേഗത്തിൽ കണ്ടെത്താനും നടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



