കുവൈറ്റ് സിറ്റി : കുവൈത്തിലെ അൽ അഖീല മേഖലയിലെ പ്രമുഖ ഷോപ്പിങ് മാളിൽനിന്ന് 850 ദിനാറിലധികം വിലവരുന്ന ആഡംബര ഈവനിങ് ഗൗൺ മോഷ്ടിച്ചെന്ന പരാതിയിൽ യുവാവിനും യുവതിക്കുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.അൽ അഖീലയിലെ ആഡംബര വസ്ത്രവിൽപ്പനശാലയിൽനിന്നാണ് വിലകൂടിയ മഞ്ഞനിറത്തിലുള്ള വസ്ത്രം മോഷണം പോയത്. പ്രതികൾ വിവാഹിതരാകാൻ പോകുന്നവരായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം യുവാവും യുവതിയും ഏകദേശം അരമണിക്കൂറോളം കടയ്ക്കുള്ളിൽ ചെലവഴിക്കുകയും വിവിധ വസ്ത്രങ്ങൾ പരിശോധിക്കുകയും ചെയ്തു.തുടർന്ന് വസ്ത്രത്തിൽ മോഷണം തടയുന്നതിനുള്ള സുരക്ഷാ ഉപകരണം ഘടിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം യുവതി മഞ്ഞനിറത്തിലുള്ള ഗൗൺ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിൽ ഒളിപ്പിച്ചതായാണ് റിപ്പോർട്ട്.ഇതിനിടെ യുവാവ് കടയിലെ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾക്ക് സമീപമെത്തി പരിശോധന നടത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി.
പിന്നീട് കടയിലെ ജീവനക്കാരൻ വസ്ത്രം കാണാനില്ലെന്ന് ശ്രദ്ധിച്ചതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയതോടെ കടയുടെ മാനേജർ പൊലീസിൽ പരാതി നൽകി.മോഷണക്കേസ് രജിസ്റ്റർ ചെയ്ത അബു ഹലീഫ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതികളുടെ തിരിച്ചറിയൽ വിവരങ്ങളും ദേശീയതയും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.പ്രതികളെ കണ്ടെത്തുന്നതിനുള്ള പ്രധാന തെളിവായി സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്.



