കുവൈത്ത്സിറ്റി: കുവൈത്തിൽ പൊതുപണം ദുരുപയോഗം ചെയ്ത കേസിൽ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റിന് മൂന്ന് വർഷവും നാല് മാസവും തടവുശിക്ഷ വിധിച്ച് അപ്പീൽ കോടതി.ഫെഡറേഷന്റെ ട്രാവൽ മാനേജർക്ക് രണ്ട് വർഷവും നാല് മാസവും തടവും കോടതി വിധിച്ചു.വ്യാജ സ്പോർട്സ് ക്യാമ്പുകളുടെ പേരിൽ പണം തട്ടിയെടുക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
ജസ്റ്റിസ് അബ്ദുല്ല അൽ ഒത്മാൻ അധ്യക്ഷനായ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.ഇറ്റലിയിൽ സംഘടിപ്പിച്ചതായി കാണിച്ച സ്പോർട്സ് ക്യാമ്പുകളുടെ പേരിൽ വ്യാജ ബില്ലുകൾ സമർപ്പിച്ചെന്നും യുഎഇ, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ മത്സരങ്ങളിലും പരിശീലന ക്യാമ്പുകളിലും പങ്കെടുത്ത കായികതാരങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചെന്നുമാണ് കേസിലെ കണ്ടെത്തലുകൾ.
യഥാർത്ഥത്തിൽ നടന്നിട്ടില്ലാത്ത ക്യാമ്പുകളുടെ പേരിലും തെറ്റായ ചെലവുകണക്കുകൾ തയ്യാറാക്കി പൊതുപണം ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.കേസുമായി ബന്ധപ്പെട്ട് 5,51,000 കുവൈത്ത് ദിനാർ കണ്ടുകെട്ടാനും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.അതേസമയം, ഫെഡറേഷന്റെ മുൻ പ്രസിഡന്റിനെ കുറ്റവിമുക്തനാക്കിയ മുൻവിധി അപ്പീൽ കോടതി ശരിവച്ചു.



