കുവൈത്ത് സിറ്റി: തലസ്ഥാന ഗവർണറേറ്റിലെ അഞ്ച് നക്ഷത്ര ഹോട്ടലിൽ നടന്ന ഒത്തുചേരലിനിടയിൽ പിടിയിലായ മുഴുവൻ പ്രതികളെയും 10 ദിവസത്തേക്ക് പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നൃത്ത പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 22 പ്രതികളെയും റവന്യൂ ജയിലിലേക്കാണ് മാറ്റിയത്. അനാശാസ്യ പ്രവർത്തനങ്ങൾക്കും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉച്ചത്തിലുള്ള സംഗീതവും ബഹളവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ആദ്യം 17 പേർ പിടിയിലായത്. ഇതിനിടയിൽ രക്ഷപ്പെട്ട 5 പേരെക്കൂടി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് 24 മണിക്കൂറിനുള്ളിൽ പിടികൂടുകയായിരുന്നു. തുടർന്നാണ് അറസ്റ്റിലായവരുടെ ആകെ എണ്ണം 22 ആയി ഉയർന്നത്.പ്രതികളിൽ ചിലർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണെന്നും ഒരാൾ മുൻ നാഷണൽ അസംബ്ലി അംഗത്തിന്റെ മകനാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ സേവിച്ച നിലയിലായിരുന്നു പലരും. കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.



