HomeGULFമത്സ്യങ്ങളുടെ കാലാവധി തിരുത്തി വിൽപ്പന; 27 പേർ അറസ്റ്റിൽ, 894 പെട്ടി മത്സ്യം പിടിച്ചെടുത്തു

മത്സ്യങ്ങളുടെ കാലാവധി തിരുത്തി വിൽപ്പന; 27 പേർ അറസ്റ്റിൽ, 894 പെട്ടി മത്സ്യം പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ ഉൽപ്പാദന തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും വ്യാജമായി മാറ്റി വിൽപ്പന നടത്തിയ സംഭവത്തിൽ 27 പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. 894 പെട്ടി മത്സ്യങ്ങളും ഇവ കൊണ്ടുപോകാൻ ഉപയോഗിച്ച 16 ശീതീകരിച്ച വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വ്യാജരേഖാ നിർമാണവും തട്ടിപ്പും തടയുന്നതിനുള്ള പ്രത്യേക വിഭാഗമാണ് വൻതോതിലുള്ള വാണിജ്യ തട്ടിപ്പ് കണ്ടെത്തിയത്.

ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ പെട്ടികളിൽ രേഖപ്പെടുത്തിയിരുന്ന യഥാർഥ ഉൽപ്പാദന തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും മാറ്റി പുതിയ ലേബലുകൾ പതിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. മത്സ്യങ്ങൾക്ക് കൂടുതൽ കാലം ഉപയോഗയോഗ്യതയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് റസ്റ്റോറന്റുകൾക്കും കമ്പനികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ സെൻട്രൽ ഫിഷ് മാർക്കറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

പരിശോധനയിൽ വ്യാജ കാലാവധി തീയതികൾ രേഖപ്പെടുത്തിയ 894 പെട്ടി ഇറക്കുമതി മത്സ്യങ്ങൾ സൂക്ഷിച്ചിരുന്ന 16 ശീതീകരിച്ച വാഹനങ്ങൾ പിടിച്ചെടുത്തു. വ്യാജ ലേബലുകൾ തയ്യാറാക്കുന്നതിനും പ്രിന്റ് ചെയ്യുന്നതിനും ഉപയോഗിച്ച കമ്പ്യൂട്ടറും അധികൃതർ കണ്ടെടുത്തു.ചോദ്യം ചെയ്യലിൽ ഒരു പ്രിന്റിങ് കമ്പനിയുടെ സഹായത്തോടെ മത്സ്യങ്ങളുടെ കാലാവധി തീയതികൾ മാറ്റിയതായി പ്രതികൾ സമ്മതിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കേസുമായി ബന്ധമുള്ള മറ്റ് രണ്ട് കമ്പനികളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇവ രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ യഥാർഥ വ്യാപാര പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ലെന്നും കണ്ടെത്തി.അറസ്റ്റിലായ 27 പേരെയും പിടിച്ചെടുത്ത മത്സ്യങ്ങളും വാഹനങ്ങളും ഉൾപ്പെടെയുള്ള തെളിവുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനുമായി ശക്തമായ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കാലാവധി തീയതികളിൽ കൃത്രിമം നടന്നതായി കണ്ടെത്തിയെങ്കിലും പിടിച്ചെടുത്ത എല്ലാ മത്സ്യങ്ങളും കേടായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!