കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റും നെഗറ്റീവ് ഫിനോമിന കമ്മറ്റിയും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി ജഹ്‌റയിലെ നസീം, ഖസ്ർ, വഹാ എന്നീ മേഖലകളിൽ നടത്തിയ ഫീൽഡ് സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി, ജല-വൈദ്യുത-പുനരുപയോഗ ഊർജ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഈ പരിശോധനകൾ നടന്നത്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി.
പരിശോധനയുടെ ഭാഗമായി സ്വകാര്യ വസതികളിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും റെസിഡൻസി നിയമങ്ങൾ ലംഘിക്കുകയും ചെയ്ത അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്നതുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറണ്ടുള്ള ഒരാളെയും പിടികൂടി. കൂടാതെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് മൂന്ന് നോട്ടീസുകളും, മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ചതിന് നാല് സിറ്റേഷനുകളും നൽകി. വൈദ്യുതി-ജല മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ചതിന് രണ്ട് റിപ്പോർട്ടുകളും തയ്യാറാക്കി. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയ മൂന്ന് പലമരക്കടകളും മൃഗങ്ങളെ അനധികൃതമായി വളർത്തിയ രണ്ട് റെസിഡൻസി പ്രോപ്പർട്ടികളും അധികൃതർ നിരീക്ഷണത്തിൽ വെച്ചിട്ടുണ്ട്.
ബാധകമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കണ്ടെത്തിയ എല്ലാ ലംഘനങ്ങളും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമുള്ള ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



