കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലുള്ള സംഘർഷങ്ങളും ഭീഷണികളും മുൻനിർത്തി, രാജ്യത്ത് അവശ്യ സാധനങ്ങളുടെ സുരക്ഷിത ശേഖരം ഉറപ്പാക്കണമെന്ന് സഹകരണ സംഘങ്ങൾക്ക് സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. സാമ്പത്തിക-ഭരണകാര്യ സഹകരണ കാര്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സഹകരണ സംഘങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെയും അടിസ്ഥാന ഉപഭോഗ സാധനങ്ങളുടെയും തന്ത്രപരമായ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കണമെന്നും, അവയുടെ കാലാവധി തീരുന്ന തീയതികൾ കർശനമായി പരിശോധിക്കണമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി എമർജൻസി പ്ലാനുകൾ സജീവമാക്കാൻ സാമൂഹിക കാര്യ മന്ത്രി ഡോ. അംതൽ അൽ-ഹുവൈല മന്ത്രാലയ ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആറ് ഗവർണറേറ്റുകളിലായി സ്കൂളുകളിൽ സജ്ജീകരിച്ചിരിക്കുന്ന 95 ഷെൽട്ടറുകളുടെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസുമായി പ്രത്യേക യോഗം ചേർന്നു. രാജ്യത്തിന്റെ സുരക്ഷാ തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് പുതിയ കേന്ദ്രങ്ങൾ കൂടി അഭയകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനും യോഗത്തിൽ നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്. ഇതുവഴി പ്രതിസന്ധി ഘട്ടങ്ങളെ കൂടുതൽ മികച്ച രീതിയിൽ നേരിടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.



