കുവൈത്ത് സിറ്റി: ഫർവാനിയയിൽ ജോലി ചെയ്യുന്ന നൈജീരിയൻ പ്രവാസിയെ കുവൈത്തി സ്പോൺസർ മർദിച്ചതായി പരാതി. കമ്പനിയുടെ ഓഫീസിനുള്ളിൽ വെച്ച് തൊഴിലുടമ തന്നെ ശാരീരികമായി ആക്രമിച്ചെന്നാണ് പ്രവാസിയുടെ ആരോപണം.നൈജീരിയൻ പ്രവാസിക്കുവേണ്ടി ഹാജരായ കുവൈത്തി അഭിഭാഷകയാണ് ഫർവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഫർവാനിയ പൊലീസ് സ്റ്റേഷൻ നിലവിൽ റാബിയ പൊലീസ് സ്റ്റേഷനിലാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.
ഫർവാനിയയിലെ കമ്പനിയുടെ ഓഫീസിൽ വെച്ച് കുവൈത്ത് പൗരനായ തൊഴിലുടമ തന്നെ മർദിച്ചതായി പരാതിയിൽ പറയുന്നു.സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം കണ്ടെത്തുന്നതിനും ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനുമായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.തൊഴിലുടമയും ജീവനക്കാരനും തമ്മിലുണ്ടായ തർക്കത്തിന്റെ കാരണമോ പ്രവാസിക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതുസംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.



