കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ സ്വകാര്യ വീടിനുള്ളിൽ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് ഭക്ഷ്യസ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തി നടപടിയെടുത്തു.
കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ അഹമ്മദി ഗവർണറേറ്റ് പരിശോധനാ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തിയത്.ഭക്ഷ്യസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ആരോഗ്യ ലൈസൻസുകൾ നേടാതെയാണ് സ്വകാര്യ താമസസ്ഥലത്ത് ഇവ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.രണ്ട് സ്ഥാപനങ്ങൾക്കെതിരെയും പ്രത്യേകം നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കി. തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളും ലൈസൻസ് വ്യവസ്ഥകളും പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



