കുവൈത്ത്സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജോലിസ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും തത്സമയ സംപ്രേഷണം നടത്തുന്നതിനും വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ സാദ് അൽ ഒതൈബി പുറത്തിറക്കിയ 2026ലെ 60-ാം നമ്പർ സർക്കുലറിലാണ് പുതിയ നിയന്ത്രണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും നിയന്ത്രണം ബാധകമാണ്. മൊബൈൽ ഫോണുകൾ, ക്യാമറകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ജോലിസ്ഥലങ്ങളിൽ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിനും ശബ്ദം റെക്കോർഡ് ചെയ്യുന്നതിനും തത്സമയ സംപ്രേഷണം നടത്തുന്നതിനുമാണ് വിലക്ക്.വിമാനത്താവളത്തിലെ റൺവേ അനുബന്ധ മേഖലകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങൾ, യാത്രക്കാരുടെ ടെർമിനലുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, സാങ്കേതിക വിഭാഗങ്ങൾ, സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം നിയന്ത്രണം ബാധകമായിരിക്കും.
കൂടാതെ, ഔദ്യോഗിക രേഖകൾ, ആഭ്യന്തര കത്തിടപാടുകൾ, സുരക്ഷാ നടപടികൾ, പരിശോധനാ കേന്ദ്രങ്ങൾ, നിരീക്ഷണ ക്യാമറകൾ, വിമാനങ്ങളുടെ നീക്കങ്ങൾ, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ചിത്രീകരിക്കുന്നതിനും പുറത്തുവിടുന്നതിനും വിലക്കുണ്ട്.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കുവൈത്തിലെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.പുതിയ നിർദേശങ്ങൾ വിമാനത്താവളത്തിലെ എല്ലാ വകുപ്പുകൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും കൈമാറാനും കർശനമായി നടപ്പാക്കാനും അധികൃതർ നിർദേശിച്ചു.
അതേസമയം, സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്ന വിലക്ക് വിമാനത്താവളത്തിലെ ജീവനക്കാർക്കും അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് ബാധകമാകുന്നത്. യാത്രക്കാർക്ക് പൊതുവായി ഫോട്ടോ എടുക്കുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയതായി സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ല.



