കുവൈത്ത്സിറ്റി: കുവൈത്തിൽ വാരാന്ത്യത്തിൽ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ പൊടിക്കാറ്റും മൂടൽമഞ്ഞും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയുമെന്നും മുന്നറിയിപ്പുണ്ട്.
സുഡാനിൽ നിന്നുള്ള ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്ന് രാജ്യത്ത് മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടുമെന്നും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. പകൽ ചൂടും ഈർപ്പവും അനുഭവപ്പെടുമെങ്കിലും രാത്രിയിൽ താരതമ്യേന സുഖകരമായ കാലാവസ്ഥയായിരിക്കും.വ്യാഴാഴ്ച പകൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. പരമാവധി താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മണിക്കൂറിൽ 10 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. രാത്രിയിൽ താപനില 19 മുതൽ 21 ഡിഗ്രി വരെ താഴുകയും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യും.
വെള്ളിയാഴ്ച പകൽ ചൂട് വർധിക്കുമെന്നും താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും പ്രവചനമുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടാം. വെള്ളിയാഴ്ച രാത്രിയിൽ ചിലയിടങ്ങളിൽ മഴയ്ക്കും നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കുറഞ്ഞ താപനില 21 മുതൽ 23 ഡിഗ്രി വരെയായിരിക്കും.
ശനിയാഴ്ചയും ചൂടും മേഘാവൃതമായ കാലാവസ്ഥയും തുടരും. പരമാവധി താപനില 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ചില പ്രദേശങ്ങളിൽ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്.ശനിയാഴ്ച രാത്രിയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ, പൊടിക്കാറ്റ്, മൂടൽമഞ്ഞ് എന്നിവ കാരണം ചില പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കടലിൽ തിരമാലകൾ ആറടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ശ്രദ്ധിക്കണം.കാലാവസ്ഥയിലെ മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.



