കുവൈത്ത് സിറ്റി: കുവൈത്തിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ വൈദ്യുതി, ജല മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെയും മൂന്ന് പ്രവാസികളെയും ഒരു കുവൈത്ത് പൗരനെയും ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആറുപേരെയും വെറുതെവിട്ടത്.വൈദ്യുതി, ജല മീറ്ററുകളുമായി ബന്ധപ്പെട്ട കരാറുകളിലെ ക്രമക്കേടുകൾ മറച്ചുവയ്ക്കാൻ കൈക്കൂലി വാങ്ങിയെന്നും ഇടനിലക്കാരായി പ്രവർത്തിച്ചെന്നുമായിരുന്നു ഇവർക്കെതിരായ ആരോപണം. മന്ത്രാലയത്തിലെ ഒരു വനിതാ വകുപ്പ് മേധാവിയും സൂപ്പർവൈസറും കേസിലെ പ്രതികളിൽ ഉൾപ്പെട്ടിരുന്നു.ജഡ്ജി അൽ ദുവൈഹി അൽ ദുവൈഹിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ശമ്പളം, സമ്മാനങ്ങൾ, പരിശോധനാ റിപ്പോർട്ടിൽ മാറ്റം വരുത്തൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തരം സന്ദേശങ്ങൾ സംശയത്തിന് ഇടയാക്കുന്നുണ്ടെങ്കിലും കൈക്കൂലി ഇടപാട് നടന്നുവെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.ബന്ധപ്പെട്ട കമ്പനിയുടെ നിയമലംഘനങ്ങൾ രേഖപ്പെടുത്താതിരിക്കുന്നതിന് പ്രതികൾ സാമ്പത്തിക നേട്ടങ്ങൾ കൈപ്പറ്റിയെന്ന ആരോപണം തെളിയിക്കാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മൊഴി മാത്രം സ്വതന്ത്ര തെളിവായി പരിഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയതുകൊണ്ടോ പണം സ്വീകരിച്ചതുകൊണ്ടോ ജോലി ലഭിച്ചതുകൊണ്ടോ ഒരാൾ കൈക്കൂലി കേസിൽ പങ്കാളിയാണെന്ന് ഉറപ്പിക്കാനാവില്ല. ഓരോ പ്രതിയുടെയും കുറ്റകരമായ പങ്കാളിത്തം പ്രത്യേകം തെളിയിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സംശയം മാത്രം ഒരാളെ കുറ്റക്കാരനാക്കാൻ മതിയായ കാരണമല്ലെന്നും കുറ്റം തെളിയിക്കാനുള്ള ഉത്തരവാദിത്വം പ്രോസിക്യൂഷനാണെന്നും കോടതി വിധിയിൽ വ്യക്തമാക്കി.തെളിവുകളുടെ അഭാവത്തിൽ കൈക്കൂലി, കൈക്കൂലിക്ക് ഇടനിലക്കാരനാകൽ, കൈക്കൂലി ഇടപാടിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളിൽനിന്നാണ് ആറുപേരെയും കോടതി കുറ്റവിമുക്തരാക്കിയത്.



