കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് ആരംഭിച്ച് തിങ്കളാഴ്ച രാവിലെ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും ഇടയ്ക്കിടെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചതനുസരിച്ച്, അന്തരീക്ഷത്തിലെ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥയും ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെടും. കാറ്റിനൊപ്പം പൊടിപടലങ്ങൾ ഉയരുന്നതിനാൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ട്.
ശക്തമായ കാറ്റിനെ തുടർന്ന് കടലിൽ തിരമാലകൾ ആറടിയിലധികം ഉയരാനും സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മേഘങ്ങൾ ക്രമേണ വർധിക്കുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കുകയും ചെയ്യും. ചില സമയങ്ങളിൽ മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകാമെന്നാണ് പ്രവചനം.ഞായറാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത തുടരും. തിങ്കളാഴ്ച രാവിലെ മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
പൊടിക്കാറ്റും ദൂരക്കാഴ്ച കുറയുന്നതും വാഹനയാത്രയെ ബാധിക്കാനിടയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ആസ്ത്മയും അലർജിയും ഉള്ളവർ പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.കാലാവസ്ഥയിലെ മാറ്റങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റും മറ്റ് അറിയിപ്പുകളും പിന്തുടരണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



