കുവൈത്ത് സിറ്റി, നവംബർ 18: കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ശത്രു ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായി രംഗത്ത്. കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായ ഡ്രോൺ ഭീഷണികളെ നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ നടപടി സ്വീകരിച്ചതായി സൈന്യം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ, അത് ശത്രു ഡ്രോണുകളെ ആകാശത്തുവെച്ച് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായിരിക്കുമെന്ന് സൈന്യം വിശദീകരിച്ചു.നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും നിർദേശമുണ്ട്.
അതേസമയം, ഡ്രോണുകൾ എവിടെനിന്നാണ് എത്തിയതെന്നോ ആക്രമണത്തിന്റെ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നോ സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.ഗൾഫ് മേഖലയിൽ സുരക്ഷാ സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണ ഭീഷണി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ച നടപടികളാണ് സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്.



