കുവൈത്ത്സിറ്റി: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ നിന്നുള്ള ഗാർഹിക, സ്വകാര്യ മേഖല തൊഴിലാളികളുടെ പ്രവേശന വിസകൾ നൽകുന്നത് കുവൈറ്റ് താൽക്കാലികമായി നിർത്തിവെച്ചു. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ഈ നടപടി.
ബെനിൻ പൗരന്മാർക്ക് തൊഴിൽ പ്രവേശന വിസകൾ നൽകുന്നത് നിർത്തിവെയ്ക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്സ് തങ്ങളുടെ കീഴിലുള്ള വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിലെ ബെനിൻ എംബസി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി ഔദ്യോഗിക പ്ലാറ്റ്ഫോം രൂപീകരിക്കുന്ന നടപടികൾ പൂർത്തിയാകുന്നതുവരെയാണ് ഈ വിലക്ക് തുടരുക. വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തിലുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കർശനമായി പാലിക്കണമെന്ന് റസിഡൻസി അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.



