കുവൈത്ത് സിറ്റി: കുവൈത്തിലെ ചരിത്രപ്രസിദ്ധമായ മുബാറക്കിയ മാർക്കറ്റിൽ വാടകയ്ക്കെടുത്ത കടകൾ അടച്ചിട്ടിരിക്കുന്നതും അനുവദനീയമല്ലാത്ത വ്യാപാര പ്രവർത്തനങ്ങൾക്ക് ലൈസൻസ് നേടിയതും കണ്ടെത്തിയതിനെ തുടർന്ന് 75 ഓളം കടകളുടെ നടത്തിപ്പുകാർക്ക് ധനമന്ത്രാലയം മുന്നറിയിപ്പ് നൽകി.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ കടകൾ വാടക കരാറിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് കൈവശം വച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി സ്റ്റേറ്റ് പ്രോപ്പർട്ടി കോൺട്രാക്ട്സ് വകുപ്പ് അറിയിച്ചു.
പരമ്പരാഗത കുവൈത്തി വിപണിയുടെ സ്വഭാവം നിലനിർത്തുന്നതിനായി അനുവദിച്ച കടകളിൽ പലതിനും ജനറൽ ട്രേഡിംഗ്, കോൺട്രാക്ടിംഗ്, കയറ്റുമതി, റിയൽ എസ്റ്റേറ്റ് വിൽപ്പന തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസുകളാണ് എടുത്തിരിക്കുന്നത്. എന്നാൽ ഇത്തരം വ്യാപാര പ്രവർത്തനങ്ങൾ മുബാറക്കിയ മാർക്കറ്റിന്റെ പൈതൃക സ്വഭാവത്തിനും കടകൾ അനുവദിച്ച ഉദ്ദേശ്യത്തിനും അനുയോജ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി.വാടക കരാറിൽ വ്യക്തമാക്കിയിട്ടുള്ള ആവശ്യങ്ങൾക്ക് കടകൾ ഉപയോഗിക്കാത്തതും അനുവദിച്ച വ്യാപാര പ്രവർത്തനങ്ങളും ലൈസൻസിലുള്ള പ്രവർത്തനങ്ങളും തമ്മിലുള്ള പൊരുത്തക്കേടുമാണ് നിരവധി കടകൾ അടഞ്ഞുകിടക്കാൻ കാരണമായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട കടകളുടെ നടത്തിപ്പുകാർ ഒരാഴ്ചയ്ക്കുള്ളിൽ ധനമന്ത്രാലയത്തെ സമീപിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കുവൈത്തിന്റെ പരമ്പരാഗത വ്യാപാര പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ സ്ഥാപനങ്ങൾ കരാർ വ്യവസ്ഥകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.



