കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികം ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമാണെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷാൽ അൽ ഷമാലി. 2025–2026 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 10 ബില്യൺ യുഎസ് ഡോളറിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.ന്യൂഡൽഹിയിലെ കുവൈത്ത് എംബസി സംഘടിപ്പിച്ച നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്തിന്റെ വികസന പദ്ധതിയായ ‘കുവൈത്ത് വിഷൻ 2035’, ഇന്ത്യയുടെ ‘വികസിത് ഭാരത് 2047’ എന്നീ പദ്ധതികൾ തമ്മിലുള്ള സമാന ലക്ഷ്യങ്ങൾ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സാമൂഹിക മേഖലകളിൽ കൂടുതൽ സഹകരണത്തിന് അവസരമൊരുക്കുന്നതായി അംബാസഡർ പറഞ്ഞു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്രവ്യാപാരത്തിലൂടെയും തുറമുഖങ്ങൾ വഴിയുള്ള ഇടപാടുകളിലൂടെയും സാംസ്കാരിക ബന്ധങ്ങളിലൂടെയും വളർന്ന സൗഹൃദം 1961-ലാണ് ഔദ്യോഗിക നയതന്ത്ര ബന്ധമായി മാറിയത്.ഇതുവരെ രാഷ്ട്രീയം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, തൊഴിൽ, വ്യോമയാനം, കായികം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലായി ഇന്ത്യയും കുവൈത്തും ഏകദേശം 40 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചിട്ടുണ്ട്. സാമ്പത്തിക സഹകരണം, വ്യാപാരം, ഭക്ഷ്യസുരക്ഷ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ കരാറുകൾ സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണെന്ന് അംബാസഡർ അറിയിച്ചു.
കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ കുവൈത്ത് ആറാം സ്ഥാനത്തും ദ്രവീകൃത വാതക വിതരണത്തിൽ നാലാം സ്ഥാനത്തുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഊർജ ആവശ്യത്തിന്റെ ഏകദേശം അഞ്ച് ശതമാനം നിറവേറ്റുന്നതിൽ കുവൈത്ത് പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ പശ്ചിമകാര്യ സെക്രട്ടറി അംബാസഡർ സിബി ജോർജും പങ്കെടുത്തു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള 65 വർഷത്തെ നയതന്ത്ര ബന്ധം തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനുള്ള സഹകരണം വിപുലീകരിക്കാനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള സിബി ജോർജ്, ഇരുരാജ്യങ്ങളുടെയും നേതാക്കൾ നടത്തിയ ഉന്നതതല സന്ദർശനങ്ങൾ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതായി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം രാഷ്ട്രീയ, വ്യാപാര, നിക്ഷേപ, സാംസ്കാരിക മേഖലകളിലെ സഹകരണത്തിന് പുതിയ ഉണർവ് നൽകിയതായി അദ്ദേഹം പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ സംഭാവന നൽകിയ നിരവധി വ്യക്തികളെ ചടങ്ങിൽ കുവൈത്ത് അംബാസഡർ ആദരിച്ചു.
65-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെ അൽ സദു ഹാൻഡിക്രാഫ്റ്റ്സ് അസോസിയേഷനും ഇന്ത്യയിലെ കശ്മീർ ലൂം ഹൗസും സഹകരിച്ച് മൂന്ന് ദിവസത്തെ സാംസ്കാരിക പ്രദർശനവും എംബസി സംഘടിപ്പിക്കുന്നുണ്ട്.ചരിത്രപരമായ സൗഹൃദബന്ധം പുതിയ സാമ്പത്തിക, വ്യാപാര, സാംസ്കാരിക സഹകരണങ്ങളിലൂടെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് വാർഷികാഘോഷത്തിൽ ഇരുരാജ്യങ്ങളും ആവർത്തിച്ചത്.



