കുവൈത്ത്: യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി വിമാനയാത്രയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജസീറ എയർവേയ്‌സ് പുതിയ വാട്‌സ്ആപ്പ് സെൽഫ് സർവീസ് സംവിധാനം ആരംഭിച്ചു. +965 62221770 എന്ന നമ്പറിലൂടെ ദിവസവും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും. അറബിയിലും ഇംഗ്ലീഷിലും ഈ സേവനം ഉപയോഗിക്കാം.പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും നിലവിലുള്ള ബുക്കിംഗ് പരിശോധിക്കാനും യാത്രാ തീയതികൾ മാറ്റാനും സാധിക്കും. കൂടാതെ സീറ്റ് തിരഞ്ഞെടുക്കൽ, ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യൽ, അധിക ബാഗേജ് വാങ്ങൽ തുടങ്ങിയ സേവനങ്ങളും വാട്‌സ്ആപ്പിലൂടെ ലഭ്യമാകും.
വിമാനത്താവളത്തിലെ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഓൺലൈൻ ചെക്ക് ഇൻ, വിമാനയാത്രാ വിവരങ്ങൾ ഡൗൺലോഡ് ചെയ്യൽ, വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കൽ, ടെർമിനൽ, ബോർഡിംഗ് ഗേറ്റ് വിവരങ്ങൾ അറിയൽ തുടങ്ങിയ സൗകര്യങ്ങളും പുതിയ സംവിധാനത്തിലുണ്ട്.
യാത്രക്കാർക്ക് പാസ്‌പോർട്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ പുതുക്കാനും സാധിക്കും. ടിക്കറ്റ് റീഫണ്ട് അപേക്ഷകൾ സമർപ്പിക്കൽ, റീഫണ്ട് അപേക്ഷയുടെ പുരോഗതി പരിശോധിക്കൽ, ബാഗേജ് ട്രാക്കിംഗ്, ഉപഭോക്തൃ പരാതികളുടെ നിലവിലെ സ്ഥിതി അറിയൽ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.കൂടുതൽ സഹായം ആവശ്യമുള്ള യാത്രക്കാർക്ക് ഇതേ വാട്‌സ്ആപ്പ് നമ്പറിലൂടെ കസ്റ്റമർ സർവീസ് പ്രതിനിധിയുമായി നേരിട്ട് ബന്ധപ്പെടാനും അവസരമുണ്ട്.
യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ജസീറ എയർവേയ്‌സ് സിഇഒ പരത്തൻ ബസുബതി പറഞ്ഞു. യാത്രക്കാർക്ക് എവിടെനിന്നും ഏത് സമയത്തും സ്വന്തം മൊബൈൽ ഫോണിലൂടെ യാത്രാ ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന ഈ സംവിധാനം ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ ഡിജിറ്റൽ പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.ജസീറ എയർവേയ്‌സ് വാട്‌സ്ആപ്പ് സേവന നമ്പർ: +965 62221770



