കുവൈറ്റ് സിറ്റി: അൽ-ഫർവാനിയ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻതോതിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനയിൽ 13 നിയമലംഘന റിപ്പോർട്ടുകളും 5 നശിപ്പിക്കൽ റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തതായി അധികൃതർ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മായം കലർന്നതും മനുഷ്യർക്ക് ഉപയോഗിക്കാൻ യോഗ്യമല്ലാത്തതുമായ 642,975 കിലോഗ്രാം ഭക്ഷ്യവസ്തുക്കളാണ് പരിശോധനയ്ക്ക് പിന്നാലെ നശിപ്പിച്ചത്. ലൈസൻസുകളുമായും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുമായും ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങളും പരിശോധനാ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഇത്തരം കർശനമായ നിരീക്ഷണങ്ങളും പരിശോധനകളും തുടർന്നും ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി.



