കുവൈത്ത് സിറ്റി: കുവൈത്തിലെ ഉമ്മു ഖദീർ പ്രകൃതി സംരക്ഷണ മേഖലയിൽ അനധികൃതമായി പ്രവേശിക്കുകയും പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത 10 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉപയോഗിച്ച ആറ് വാഹനങ്ങൾ പിടിച്ചെടുത്ത് തകർക്കുകയും പിടികൂടിയ ആറ് പക്ഷികളെ പ്രകൃതിയിലേക്ക് വിട്ടയക്കുകയും ചെയ്തു.
ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗവും സംയുക്തമായി നടത്തിയ സുരക്ഷാ നടപടികളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. പ്രവേശന നിരോധനമുള്ള സംരക്ഷിത മേഖലയിലേക്ക് വാഹനങ്ങളുമായി കടന്നുകയറിയ പ്രതികൾ പ്രദേശത്തെ സ്വാഭാവിക പരിസ്ഥിതിക്കും വന്യജീവികൾക്കും നാശനഷ്ടങ്ങൾ വരുത്തിയതായി അധികൃതർ വ്യക്തമാക്കി.പ്രകൃതി സംരക്ഷണ മേഖലകളിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നതും വാഹനങ്ങളിൽ സഞ്ചരിക്കുന്നതും വേട്ടയാടുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ ലംഘിച്ചാണ് പ്രതികൾ സംരക്ഷിത മേഖലയിലേക്ക് കടന്നുകയറിയത്.
അറസ്റ്റിലായ പത്ത് പേരെയും സെൻട്രൽ ജയിലിലേക്ക് മാറ്റി. തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പിടിച്ചെടുത്ത ആറ് വാഹനങ്ങളും അധികൃതർ തകർത്തു.പ്രകൃതി സംരക്ഷണ മേഖലകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും പരിസ്ഥിതിക്കും വന്യജീവികൾക്കും ദോഷം വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.



