കുവൈത്ത് സിറ്റി: കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്തിൽ പുതിയ ശിശുസംരക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കുടുംബകാര്യ സുപ്രീം കൗൺസിലിന് കീഴിലുള്ള പ്രൊട്ടക്ഷൻ സെന്റേഴ്സ് വകുപ്പിന്റെ നേതൃത്വത്തിലാണ് കേന്ദ്രം ആരംഭിച്ചത്. സാമൂഹിക, കുടുംബ, ശിശുകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളുടെ സംരക്ഷണമാണ് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ മുൻഗണനകളിലൊന്നെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി വ്യക്തമാക്കി. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും നടപടികളിലും അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകണമെന്നും അവർ പറഞ്ഞു.
കുട്ടികളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം ഭയരഹിതവും മാന്യവുമായ ജീവിതം ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.പുതിയ കേന്ദ്രം കേവലം ഒരു സ്ഥാപനമല്ലെന്നും കുട്ടികൾക്ക് സുരക്ഷിതമായ അഭയകേന്ദ്രവും നിയമപരവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്ന സംവിധാനവുമാണെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടന, ശിശുസംരക്ഷണ നിയമങ്ങൾ, ഗാർഹിക പീഡനത്തിനെതിരായ നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.
കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സഹായവും കൗൺസലിങ്ങും നൽകുന്നതിനൊപ്പം ആവശ്യമായ സാഹചര്യങ്ങളിൽ നേരത്തെയുള്ള ഇടപെടലുകളും തുടർനിരീക്ഷണവും കേന്ദ്രം ഉറപ്പാക്കും. ഇതിനായി പ്രത്യേക പരിശീലനം നേടിയ ദേശീയ വിദഗ്ധരുടെ സേവനവും ലഭ്യമാക്കും.സുരക്ഷാ വിഭാഗങ്ങൾ, നീതിന്യായ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയുമായി സഹകരിച്ചായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം.
കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കും.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കുടുംബങ്ങൾക്കും നിർണായക പങ്കുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു. പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശിശുസംരക്ഷണ പ്രവർത്തനങ്ങളുടെ അവസാനഘട്ടമല്ലെന്നും കൂടുതൽ ഉത്തരവാദിത്വങ്ങളുടെയും ശക്തമായ ഇടപെടലുകളുടെയും തുടക്കമാണെന്നും ഡോ. അംതാൽ അൽ ഹുവൈല വ്യക്തമാക്കി.



