കുവൈത്ത് സിറ്റി: കുവൈത്തിലെ അലി സബാഹ് അൽ സാലിം മേഖലയിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന വീടിന്റെ മുകളിൽ നിന്ന് മരപ്പലകകൾ വീണ് ഇന്ത്യൻ യുവാവിന് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിന് ഒന്നിലധികം പൊട്ടലുകളും ഇരുകാലുകൾക്കും പൂർണ തളർച്ചയും സംഭവിച്ച യുവാവിനെ അൽ അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
2003ൽ ജനിച്ച ഇന്ത്യൻ യുവാവാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് ജോലി ചെയ്തിരുന്ന യുവാവ് അറ്റകുറ്റപ്പണികൾ നടക്കുന്ന വീടിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെയാണ് മുകളിൽ നിന്ന് മരപ്പലകകൾ വീണത്.അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട അധികൃതരെയും സ്ഥലത്തേക്ക് അയച്ചു.
ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം യുവാവിന്റെ നട്ടെല്ലിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ആറ് തൊറാസിക് കശേരുക്കൾക്ക് പൊട്ടലേറ്റിട്ടുണ്ട്. കൂടാതെ ഇരുകാലുകൾക്കും പൂർണ തളർച്ചയും ഇടത് തുടയെല്ലിന് പൊട്ടലും സംഭവിച്ചു. ഗുരുതരമായ പരിക്കുകളെ തുടർന്ന് യുവാവിനെ തുടർചികിത്സയ്ക്കും നിരീക്ഷണത്തിനുമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.1974ൽ ജനിച്ച കുവൈത്ത് പൗരനാണ് വീടിന്റെ ഉടമ. അപകടസമയത്ത് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം അധികൃതരോട് വ്യക്തമാക്കി.
യുവാവ് കെട്ടിടത്തിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെയാണ് മരപ്പലകകൾ താഴേക്ക് വീണതെന്നും അടുത്തിടെ രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയുമാകാം ഇതിന് കാരണമെന്നും വീട്ടുടമ അഭിപ്രായപ്പെട്ടു.സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തിവരികയാണ്.



