ഇന്ത്യയിലെ ആദ്യ വാട്ടര്‍ ടാക്‌സി സര്‍വീസ് കേരളത്തില്‍; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

  • 15/10/2020


ഗതാഗത കുരുക്കുകള്‍ കേരളം എന്നും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇതിന് ഒരു പരിഹാരമായി വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. വാട്ടര്‍ ടാക്‌സീ സര്‍വീസിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി നിര്‍വഹിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളത്തിലാണ് വാട്ടര്‍ ടാക്‌സി പദ്ധതി നടപ്പിലാക്കുന്നത്. 

തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും അതു കാരണം  നേരിടുന്നുണ്ട്. റോഡുകളുടെ വികസനം മാത്രമല്ല അതിനുള്ള ഒരേയൊരു പരിഹാരം. മറ്റു ഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കുക എന്നതും അനിവാര്യമാണ്. ജലാശയങ്ങളാല്‍ സമ്പന്നമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ യാത്രാ മാര്‍ഗങ്ങളില്‍ ഒന്നാണ് ജലഗതാഗതം. കുറഞ്ഞ പാരിസ്ഥിതികാഘാതവും ചെലവും ജല ഗതാഗതത്തെ ഏറെ അഭികാമ്യമാക്കുന്നു. ഈ സാധ്യത മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആ വികസന മുന്നേറ്റത്തിലെ ഏറ്റവും പുതിയ പദ്ധതിയാണ് ജല ഗതാഗത വകുപ്പ് ആരംഭിച്ച വാട്ടര്‍ ടാക്‌സി സര്‍വ്വീസെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

റോഡ് ഗതാഗതത്തിലെന്ന പോലെ ജല ഗതാഗതത്തിലുപയോഗിക്കുന്ന ഈ വാട്ടര്‍ ടാക്‌സി സര്‍വീസ് ജല ഗതാഗത മേഖലയുടെ വികസനത്തിനെന്ന പോലെ വിനോദ സഞ്ചാര മേഖലയിലും പുതിയ ഉണര്‍വു പകരും. ജലഗതാഗതത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി  ചെലവ് കുറഞ്ഞതും, വളരെ സുരക്ഷിതവും,  ആധുനിക സൗകര്യങ്ങളോടും കൂടിയ യാത്രാ മാര്‍ഗ്ഗം പൊതുജനങ്ങള്‍ക്ക് നല്‍കുക എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുളള വിവിധ പദ്ധതികളില്‍ ഒന്നാണ് 100 പാസഞ്ചര്‍ കപ്പാസിറ്റിയുളള കറ്റാമറൈന്‍ ബോട്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles