കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു: ഇന്നുമുതൽ ഓട്ടോമാറ്റിക്ക് ബിൽ പെയ്മെന്റുകൾ തടസപ്പെട്ടേക്കും

  • 01/04/2021



ന്യൂ ഡെൽഹി: ആർ ബി ഐ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള ഓട്ടോമാറ്റിക് പെയ്മെന്റുകൾ ഏപ്രിൽ മാസം മുതൽ ലഭ്യമാകില്ല. മാർച്ച്‌ 31ന് ശേഷം അഡീഷണൽ ഫാക്ടർ ഓഫ് ഒതന്റിഫിക്കേഷൻ (AFA) നടപ്പാക്കുന്നതാണ് ഇത്തരം പെയ്മെന്റ് സംവിധാനം ഇല്ലാതാകുന്നതിന് കാരണം. റീചാർജ്, അവശ്യവസ്തുക്കളുടെ ബിൽ പെയ്മെന്റ്, സബ്ക്രിപ്ക്ഷനുകൾ തുടങ്ങിയവയുടെ മാസം തോറുമുള്ള ഓട്ടോമാറ്റിക്ക് പെയ്മെന്റുകളാണ് ഇതോടെ അവസാനിക്കുക. 

കഴിഞ്ഞവർഷം ഡിസംബർ നാലിനാണ് ഇത് സംബന്ധിച്ച്‌ നിർദേശം ബാങ്കുകൾ, എൻബിഎഫ്സി, പേയ്മെന്റ് ഗേറ്റ് വേകൾ എന്നിവക്ക് റിസർവ് ബാങ്ക് നൽകിയത്. കാർഡുകൾ, യു പി ഐ, പ്രീപെയ്ഡ് പെയിംഗ് ഇൻസ്ട്രുമെന്റുകൾ എന്നിവ ഉപയോഗപ്പെടുത്തിയിട്ടുള്ള ആവർത്തിക്കുന്ന ഇടപാടുകൾക്ക് (Recurring Payment) എ ഫ് എ നിർബന്ധമാക്കിയില്ലെങ്കിൽ മാർച്ച്‌ 31ന് ശേഷം ഇത്തരം ഇടപാടുകൾ നടത്താനാകില്ലെന്നായിരുന്നു അറിയിപ്പ്. എന്നാൽ, ഇത് നടപ്പാക്കുന്നതിനായി കൂടുതൽ സമയം നൽകണമെന്ന് ബാങ്കുകളും പെയ്മെന്റ് ഗേറ്റ് വേകളും ആർ ബി ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ആർ ബി ഐയുടെ തീരുമാനം. പുതിയ നിർദ്ദേപ്രകാരം ആവർത്തിച്ച്‌ അടക്കേണ്ട തുക എത്രയെന്ന് ബാങ്കുകൾ മുൻകൂട്ടി ഉപഭോക്താവിനെ അറിയിക്കണം. ശേഷം ഉപഭോക്താവിന്റെ സമ്മതത്തോടെ മാത്രമേ ഇടപാട് നടത്താനാകൂ. ഓട്ടോമാറ്റിക്കായി തുക അക്കൗണ്ടിൽ നിന്നും പോകുന്ന പഴയ സംവിധാനത്തിന് പകരം ഉപഭോക്താവിൽ നിന്നുള്ള സമ്മതം ലഭിച്ചാൽ മാത്രമാണ് പുതിയ സംവിധാനത്തിലൂടെ പെയ്മെന്റ് നടക്കൂ.

ആവർത്തിക്കുന്ന തുക 5000 രൂപക്ക് മുകളിലാണെങ്കിൽ ഉപഭോക്താവിന് ബാങ്ക് ഒ ടി പി അയക്കണമെന്നും നിർദേശത്തിൽ ഉണ്ട്. 2019 മുതലുള്ള ആർ ബി ഐ നിർദേശങ്ങൾ ഗൗരവമായി എടുത്ത് ഒരു ഒറ്റ പ്ലാറ്റ് ഫോമിലേക്ക് മാറാനാകാത്തതിൽ ബാങ്കുകളും പേയ്മെന്റ് ഗേറ്റ് വേകളും എല്ലാ കുറ്റക്കാരാണ്. മാസങ്ങൾക്ക് മുമ്ബെങ്കിലും ഇത് ചെയ്തിരുന്നു എങ്കിൽ പുതിയ രീതിയിലുള്ള ആവർത്തന ഇടപാടുകളിലേക്ക് വളരെ സുഖകരമായി മാറാൻ സാധിക്കുമായിരുന്നു - പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ വിശ്വസ് പട്ടേൽ പറഞ്ഞു. പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി ഒരു മാസമെങ്കിലും സമയം നീട്ടി നൽകണം എന്ന് ആർ ബി ഐയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം മാസം 2000 കോടിയുടെ ബിസിനസ് നടക്കുന്ന മേഖലയാണിത്. അതിനാൽ, വളരെ ഗൗരവമായി തന്നെ കാര്യങ്ങളെ കാണേണ്ടതുണ്ട്. ഉപഭോക്താക്കൾക്കോ വ്യാപാരികൾക്കോ ഇതു കാരണം പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണം - അദ്ദേഹം വിശദമാക്കി. ആർ ബി ഐയുടെ പുതിയ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടില്ലെന്ന് ഒരു ഇ - കൊമേഴ്സ് സ്ഥാപനത്തിന്റെ സീനയർ എക്സിക്യൂട്ടിവും വ്യക്തമാക്കി.

ഫോൺ റീചാർജ്, അവശ്യ വസ്തുക്കളുടെ പെയ്മെന്റ്, ഒ ടി ടി സബ്സ്ക്രിപ്ക്ഷൻ തുടങ്ങിയ നിരവധി ആവർത്തന ഇടപാടുകളെയാണ് ആർ ബി ഐ നിർദേശം നടപ്പാക്കാനായില്ല എങ്കിൽ ബാധിക്കുക.

Related Articles