അമേരിക്കക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലിടം ആമസോൺ

  • 30/04/2021

പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്‌ട്‌ഇനിലെ ഡേറ്റ പ്രകാരം 2021ൽ ഏറ്റവുമധികം അമേരിക്കക്കാർ ജോലിയെടുക്കാൻ ആഗ്രഹിക്കുന്നത് ആമസോണിലാണ്. 2019ലെ ഈ ലിസ്റ്റിൽ കമ്ബനി മൂന്നാം സ്ഥാനത്തായിരുന്നു. ലോകമെമ്ബാടും നിന്നുള്ള 740 ദശലക്ഷം ഉപയോക്താക്കളുള്ള ലിങ്ക്‌ട്‌ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ ലിസ്റ്റിലാണ് ആമസോൺ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അമേരിക്കയിൽ ജോലിചെയ്യാൻ ഇഷ്ടമുള്ള കമ്ബനി ഏതാണ് എന്ന ചോദ്യത്തിനാണ് ആളുകൾ വോട്ടു ചെയ്തത്.

ആമസോണിനു പിന്നിലായി ഗൂഗിളിന്റെ മാതൃകമ്ബനി ആൽഫബെറ്റ്, ജെപിപോർഗൻ ചെയ്‌സ്, എടിആൻഡ്ടി, ബാങ്ക് ഓഫ് അമേരിക്ക എന്നീ കമ്ബനികൾ ഇടംപിടിച്ചിരിക്കുന്നു. ആമസോണിനെ തൊഴിലന്വേഷകർ ഇഷ്ടപ്പെടാൻ ഒന്നിലേറെ കാരണങ്ങളുണ്ട് - വിവിധ തരം തസ്തികൾ ഉണ്ടെന്നതു കൂടാതെ, തങ്ങളുടെ ജോലിക്കാർക്ക് പുതിയ പുതിയ ശേഷികൾ ഓരോ വർഷവും പകർന്നുകൊടുക്കുന്ന കാര്യത്തിലും ആമസോണിനെ ആളുകൾ പ്രകീർത്തിക്കുന്നു.

കോർപറേറ്റ് ഓഫിസുകളിലെ ജോലികൾ മുതൽ പാക്കിങ് ജോലികൾ വരെ ആമസോണിൽ ലഭിക്കും. ജോലിക്കാരെ ആകർഷിക്കുന്നതു മുതൽ അവരെ നിലനിർത്തുന്നതു വരെയുള്ള പല കാര്യങ്ങളും ലിങ്ക്‌ട്‌ഇൻ പരിഗണിക്കുന്നു. സമയാസമയങ്ങളിൽ നൽകുന്ന പ്രമോഷനുകൾ, ജോലിക്കാർക്ക് പുതിയ കഴിവുകൾ ഒരോ വർഷവും പഠിപ്പിച്ചു കൊടുക്കുന്ന കാര്യം, ലിംഗവൈവിധ്യം, എല്ലാത്തരം വിദ്യാഭ്യാസ യോഗ്യതയുമുള്ള ആളുകളെ ജോലിക്കെടുക്കുക തുടങ്ങി കാര്യങ്ങളെല്ലാം പരിഗണിക്കുന്നു. ഉത്സാഹികളും തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം എത്തിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ ജോലിചെയ്യുന്നവരുമായ ജോലിക്കാർക്ക് അർഹിക്കുന്ന പ്രോത്സാഹനം നൽകുന്ന കമ്ബനിയാണ് ആമസോണെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വർഷം മാത്രം കമ്ബനി 400,000 പേർക്കാണ് തൊഴിൽ നൽകിയത്. ഇതുകൂടാതെ ലോകമെമ്ബാടുമായി പതിനായിരക്കണക്കിനു പേർക്കും തൊഴിൽ നൽകുന്നു. തൊഴിലാളി വിരുദ്ധ കമ്ബനിയായി മുദ്രകുത്തി ആമസോണിൽ യൂണിയൻ പ്രവർത്തനം തുടങ്ങാനുള്ള ശ്രമങ്ങൾ അടുത്തിടെ നടന്നിരുന്നു.

Related Articles