അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തി എസ്‌ബിഐ

  • 20/05/2021

മുംബൈ: കൊറോണ വ്യാപനം മൂലം അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തി എസ്‌ബിഐ.  

കൊറോണ ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബാങ്ക് ശാഖകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ രംഗത്തെത്തിയത്.

ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽനിന്ന് 25000 രൂപയായും വർധിപ്പിച്ചു.

മറ്റുശാഖകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു മാറ്റം. പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാവുക.

നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് രേഖകൾക്കൊപ്പം സൂക്ഷിക്കും. കോറോണയുടെ പശ്ചാത്തലത്തിൽ 2021 സെപ്റ്റംബർ 30 വരെയായിരിക്കും ഇളവുകൾ.

Related Articles