ഇന്ത്യയിലെ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്തത് കോടികളുടെ വായ്പാ തട്ടിപ്പ്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നിൽ: വിവരാവകാശ രേഖ പുറത്ത്

  • 25/05/2021

ന്യൂഡൽഹി: 2021 മാർച്ച്‌ 31 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നായി റിപ്പോർട്ട് ചെയ്തത് 4.92 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ്. ബാങ്കുകളുടെ ആകെ വായ്പാ ശേഷിയുടെ 4.5 ശതമാനത്തോളം വരുന്ന തുകയാണ് ഇത്. വിവരാവകാശ നിയമ പ്രകാരം റിസർവ് ബാങ്കിൽ നിന്നുമാണ് ഈ വിവരം ലഭ്യമായത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 45,613 കേസുകൾ രാജ്യത്തെ 90 ധനകാര്യ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് ലഭ്യമായ വിവരം.

78072 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. 39733 കോടി രൂപയുടെ വായ്പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടാമതും നിൽക്കുന്നു. തൊട്ടുപിന്നിൽ 32,224 കോടി രൂപയുടെ തട്ടിപ്പുമായി ബാങ്ക് ഓഫ് ഇന്ത്യയും 29,572 കോടി രൂപയുടെ തട്ടിപ്പുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഉണ്ട്.

തട്ടിപ്പ് നടന്ന ആദ്യ അഞ്ചു ബാങ്കുകളിൽ നിന്ന് മാത്രമായി 206941 കോടി രൂപയാണ് നഷ്ടമായത്. സ്വകാര്യ ബാങ്കുകളിലേക്ക് വരുമ്പോൾ വായ്പാ തട്ടിപ്പ് കൂടുതലായി നടന്നത് ഐ.സി.ഐ.സി.ഐ ബാങ്കിലാണ് 5.3 ശതമാനം. യെസ് ബാങ്കിൽ 4.02 ശതമാനവും ആക്സിസ് ബാങ്കിൽ 2.54 ശതമാനവുമാണ് തട്ടിപ്പ് നടന്നത്.

Related Articles