റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ 1000 % വർധന

  • 21/06/2021

അനിൽ അംബാനി – റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ 1000 ശതമാനത്തിലേറെ വർധനവെന്ന് റിപ്പോർട്ട്. ഇതോടെ കമ്പനികളുടെ മൊത്തം മൂല്യം മാർച്ചിലെ 733 കോടി രൂപയിൽ നിന്ന് 7,866 കോടിയായി ഉയർന്നു. റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഇൻഫ്രസ്ട്രക്ചർ എന്നിവയുടെ മൂല്യം 20 വ്യാപാരദിനം കൊണ്ട് 100 ശതമാനത്തിലേറെ ഉയരുകയും ചെയ്തു. റിലയൻസ് പവറിന്റെ വിപണിമൂല്യം 4,446 കോടിയായും റിലയൻസ് ഇൻഫ്രസ്‌കട്ചറിന്റെ മൂല്യം 2,767 കോടിയായും റിലയൻസ് ക്യാപിറ്റലിന്റെ മൂല്യം 653 കോടി രൂപയായുമാണ് കുതിച്ചത്.

ഇതേ തുടർന്ന് 50 ലക്ഷത്തോളം റീട്ടെയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചു. റിലയൻസ് പവറിന് 33 ലക്ഷവും റിലയൻസ് ഇൻഫ്രക്ക് 9 ലക്ഷവും റിലയൻസ് ക്യാപിറ്റലിന് 8 ലക്ഷവും റീട്ടെയിൽ ഓഹരി ഉടമകളാണുള്ളത്. റിലയൻസ് പവർ പ്രിഫറൻഷ്യൽ ഓഹരികൾ പുറത്തിറക്കാമെന്ന് പ്രഖ്യാപിച്ചതും പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നും വിഎസ്‌എഫ്‌ഐ ഹോൾഡിങ്‌സിൽനിന്നും 550 കോടി രൂപ സമാഹരിക്കുമെന്ന് റിലയൻസ് ഇൻഫ്ര പ്രഖ്യാപിച്ചതും മൂല്യം കുതിക്കാൻ കാരണമായി. 1,325 കോടി രൂപയുടെ കടബാധ്യത ഓഹരിയാക്കിമാറ്റാൻ റിലയൻസ് ഇൻഫ്രസ്ട്രക്ചറും തീരുമാനിച്ചിരുന്നു.

അതെ സമയം ആസ്തികൾ പണമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ക്യാപിറ്റലും റിലയൻസ് ഹോം ഫിനാൻസും. 2,887 കോടി രൂപ ഇതിലൂടെ സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 11,000 കോടി രൂപയായി കുറയ്ക്കാൻ ഇതിലൂടെ കഴിയും. ഇതൊക്കെയാണ് റിലയൻസ് ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ വർധനവുണ്ടാക്കിയത്.

Related Articles