നാളെ മുതൽ എ ടി എം, ചെക്ക് ബുക്ക് സേവനങ്ങൾക്ക് നിരക്ക് ഏർപ്പെടുത്താൻ എസ് ബി ഐ

  • 30/06/2021



മുംബൈ | ജൂലൈ ഒന്ന് മുതൽ എ ടി എം, ചെക്ക് ബുക്ക് തുടങ്ങിയ ചില സേവനങ്ങളിൽ വ്യവസ്ഥ പ്രകാരം ഫീസ് ഈടാക്കാൻ എസ് ബി ഐ. ഒരു മാസം നാല് തവണയിൽ കൂടുതൽ പണം എ ടി എമ്മിൽ നിന്ന് പിൻവലിച്ചാലാണ് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുക. ബേസിക് സേവിംഗ്‌സ് ബേങ്ക് ഡെപോസിറ്റ് (ബി എസ് ബി ഡി) അക്കൗണ്ട് ഉടമകളിൽ നിന്നാകും ഈ ഫീസ് ഈടാക്കുക.

ഇതേ അക്കൗണ്ട് ഉടമകൾ ഒരു വർഷം ചെക്ക് ബുക്കിലെ പത്ത് താളുകൾക്കപ്പുറം ഉപയോഗിച്ചാലും ഫീസ് നൽകേണ്ടി വരും. ബി എസ് ബി ഡി അക്കൗണ്ട് ഉടമകളിൽ നിന്ന് 15 രൂപ മുതൽ 75 രൂപ വരെയാണ് ഈടാക്കുക. ബേങ്ക് ശാഖകൾ, എ ടി എം, സി ഡി എം എന്നിവയിലെ സാമ്ബത്തികയിതര ഇടപാടുകൾക്കും ട്രാൻസ്ഫറിനും ബി എസ് ബി ഡി അക്കൗണ്ട് ഉടമകൾ പണം നൽകേണ്ടതില്ല.

ഒരു മാസത്തെ നാല് സൗജന്യ പിൻവലിക്കലിനപ്പുറം ബ്രാഞ്ചുകളിലും എ ടി എമ്മുകളിലും പണം പിൻവലിച്ചാൽ ഓരോ ഇടപാടിനും 15 രൂപയും ജി എസ് ടിയും ഈടാക്കും. ഒരു സാമ്ബത്തിക വർഷം ചെക്ക് ബുക്കിലെ ആദ്യ പത്ത് താളുകളാണ് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുക. അതിന് ശേഷമുള്ള പത്ത് താളിന്റെ ചെക്ക് ബുക്കിന് 40 രൂപയും ജി എസ് ടിയും ഈടാക്കും. 25 താളുകളുള്ള ചെക്ക് ബുക്കിന് 75 രൂപയും ജി എസ് ടിയും നൽകണം. പത്ത് താളുകളുള്ള എമർജൻസി ചെക്ക് ബുക്കിന് 50 രൂപയും ജി എസ് ടിയും നൽകേണ്ടി വരും. അതേസമയം, മുതിർന്ന പൗരന്മാർക്ക് ചെക്ക് സേവനങ്ങൾക്ക് പണം നൽകേണ്ടതില്ല.

Related Articles