വാഹന നിർമാണ രം​ഗത്തെ സമ്മർദ്ദത്തിലാക്കി ചിപ്പ് ക്ഷാമം

  • 12/09/2021



ആഗോളതലത്തിൽ ചിപ്പ് ക്ഷാമം വഷളാകുകയും ഉൽപ്പാദന ചെലവ് വർധിക്കുകയും ചെയ്യുന്നതിനാൽ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വിൽപ്പനയിൽ കഴിഞ്ഞ മാസത്തിൽ ഇടിവ് രേഖപ്പെടുത്തി.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം, പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര മൊത്തവ്യാപാരം മുൻ മാസത്തെ അപേക്ഷിച്ച് 13.8 ശതമാനം ഇടിഞ്ഞ് ഓഗസ്റ്റിൽ 2.32 ലക്ഷം യൂണിറ്റായി.  

2021 ഓഗസ്റ്റിലെ സിയാം പുറത്തുവി‌ട്ട‌ കണക്കുകൾ പ്രകാരം, കാർ വിൽപ്പന 16.5 ശതമാനം ഇടിഞ്ഞ് 1.08 ലക്ഷം യൂണിറ്റിലെത്തി. യൂട്ടിലിറ്റി വാഹനങ്ങളുടെ മൊത്ത വിൽപ്പന 9 ശതമാനം ഇടിഞ്ഞ് 1.12 ലക്ഷം യൂണിറ്റായി. സ്കൂട്ടർ വിൽപ്പന 23.4 ശതമാനം ഉയർന്ന് 4.51 ലക്ഷം യൂണിറ്റിലെത്തി.

മോട്ടോർസൈക്കിൾ വിൽപ്പന 1.34 ശതമാനം ഇടിഞ്ഞ് 8.25 ലക്ഷം യൂണിറ്റിലെത്തി. മൊത്തം ഇരുചക്ര വിൽപ്പന 6.18 ശതമാനം ഉയർന്ന് 13.31 ലക്ഷം യൂണിറ്റിലെത്തി. ത്രീ വീലർ വിൽപ്പന 29 ശതമാനം ഉയർന്ന് 23,210 യൂണിറ്റായി. ഈ കണക്കുകൾ വാഹന നിർമാണ വ്യവസായം കടുത്ത സമ്മർദ്ദത്തിലാണെന്നതിന്റെ സൂചനയാണ് നൽകുന്നതാണ്. 

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൊത്തം വാഹന വിൽപ്പന 3.29 ശതമാനം ഇടിഞ്ഞതായും വിപണി റിപ്പോർ‌ട്ടുകൾ വ്യക്തമാക്കുന്നു. 

ചിപ്പുകളുടെ കടുത്ത ക്ഷാമം വ്യവസായം നേരിടുകയാണ്, ഇലക്ട്രോണിക് ഘട‌കങ്ങളുടെ നിരക്ക് വർധിക്കുന്നത് നിർമാണ ചെലവും വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, വില വർധിപ്പിച്ചാൽ വിൽപ്പന കുറയുമോ എന്ന ആശങ്കയും വിവിധ നിർമാതാക്കളെ അലട്ടുന്നുണ്ടെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. 

Related Articles