ബലാത്സംഗത്തിനുശേഷം യുവതിയുടെ ഫോണില്‍ സെല്‍ഫി; വീണ്ടും വരുമെന്ന് സന്ദേശം; ഞെട്ടിക്കുന്ന സംഭവം പൂനെയില്‍

  • 03/07/2025

പൂനെയിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന യുവതിയെ കൊറിയര്‍ ഡെലിവറി ജീവനക്കാരന്‍ ആയി വേഷം മാറിയെത്തിയ യുവാവ് ബലാത്സംഗം ചെയ്തു. മുഖത്ത് സ്‌പ്രേ അടിച്ച ശേഷമായിരുന്നു പീഡനമെന്ന് യുവതി പൊലീസിനു മൊഴി നല്‍കി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഉര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.


ബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയൊടപ്പമുള്ള സെല്‍ഫിയും എടുത്താണ് പ്രതി മടങ്ങിയത്. ബലാത്സംഗത്തെ കുറിച്ച്‌ പുറത്തുപറയരുതെന്നും പുറത്തുപറഞ്ഞാല്‍ സെല്‍ഫി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും താന്‍ വീണ്ടും വരാമെന്ന് പറയുകയും ചെയ്തതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സഹോദരന്‍ ജോലിക്കു പോയതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. രാത്രി ഏഴരയോടെയാണ്, കൊറിയര്‍ ജീവനക്കാരന്‍ എന്ന വ്യാജേന ഫ്‌ലാറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയ യുവാവ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കൊറിയര്‍ ഡെലിവറി ജീവനക്കാരനായി എത്തിയ യുവാവ് വീട്ടിലെത്തി കോളിങ് ബെല്‍ അടിക്കുകയായിരുന്നു. വാതില്‍ തുറന്നെത്തിയ യുവതിയോട് കൊറിയര്‍ ജീവനക്കാരന്‍ ആണെന്ന് പരിചയപ്പെടുത്തിയ യുവാവ് ബാങ്കുമായി ബന്ധപ്പെട്ട രേഖ കൈമാറാനുണ്ടെന്ന് അറിയിക്കുകയും ഒരു പേന ആവശ്യപ്പെടുകയും ചെയ്തു. പേന എടുക്കാനായി അകത്തേക്ക് പോയപ്പോള്‍ യുവാവ് അകത്തുകയറി വാതില്‍ പൂട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ഏറെ കഴിഞ്ഞ് ബോധം വന്ന ശേഷമാണ് താന്‍ ബലാത്സംഗത്തിനിരയായതായി യുവതി അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Related News