കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് വിദഗ്ദ്ധര്‍

  • 01/10/2025

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍റെ ഏറ്റവും വലിയ ശാപമാണ് കേസുകളുടെ നടപടികള്‍ അനന്തമായി നീളുന്നത്. 2025 സെപ്റ്റംബര്‍ ഒന്നിലെ കണക്കുകള്‍ അനുസരിച്ച് രാജ്യമെമ്പാടുമുള്ള കോടതികളിലായി അഞ്ച് കോടിയിലേറെ കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടപ്പുണ്ട്.


ഇതില്‍ 4.7 കോടി കേസുകള്‍ കീഴ്‌ക്കോടതികളിലാണ്. 63 ലക്ഷം കേസുകള്‍ ഹൈക്കോടതികളിലും 88000 കേസുകള്‍ സുപ്രീം കോടതിയിലും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. ആദ്യമായി ഈ കേസ് ഫയലുകള്‍ തുറന്ന് ഇവയിലേതൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഏതൊക്കെ കേസുകള്‍ കാലാവധി കഴിഞ്ഞതാണെന്നും പരിശോധിക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ് മദന്‍ ലോകൂര്‍ പറയുന്നു. രണ്ടാമതായി കേസിലെ കക്ഷികളെ ബന്ധപ്പെട്ട് അവരുടെ കേസിന്‍റെ സ്ഥിതി പരിശോധിക്കണം. നിരവധി കേസുകള്‍ മരിച്ചു കഴിഞ്ഞവയാകുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. താന്‍ ഈ മാര്‍ഗം സുപ്രീം കോടതി ലീഗല്‍ സര്‍വീസ് സമിതിയില്‍ ഉപയോഗിച്ചതാണ്. മൂവായിരത്തോളം കേസുകള്‍ മരിച്ച് കഴിഞ്ഞവ ആയിരുന്നുവെന്നും 700 കേസുകള്‍ മാത്രമാണ് കാലാവധി കഴിയാത്തതായി ഉണ്ടായിരുന്നത് എന്നും ജസ്റ്റിസ് ലോകൂര്‍ ചൂണ്ടിക്കാട്ടുന്നു.

താന്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന 2005 ഒക്‌ടോബര്‍ മുതല്‍ 2009 ഒക്‌ടോബര്‍ വരെയുള്ള നാല് വര്‍ഷക്കാലം കീഴ്‌ക്കോടതികളിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചെന്ന് സുപ്രീം കോടതി മുന്‍ ജഡ്‌ജി എ കെ പട്‌നായിക് ഇടിവി ഭാരതിനോട് പറഞ്ഞു. ഇതിന് പുറമെ കോടതികളുടെ എണ്ണവും കൂട്ടി. പബ്ലിക് പ്രൊസിക്യൂട്ടര്‍മാര്‍, ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ തുടങ്ങിയവരുടെ എണ്ണവും കൂട്ടി. ഇതോടെ കെട്ടിക്കിടന്ന കേസുകളില്‍ കുത്തനെ കുറവുണ്ടായി.

പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷത്തിനകം ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കണമെന്ന് അദ്ദേഹം പറയുന്നു. ഇത് സാധ്യമാകണമെങ്കില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സഹകരിച്ച് ഹൈക്കോടതികളിലെയും കോടതി മുറികളിലെയും ന്യായാധിപന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Related News