സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; മുദ്രാവാക്യവും വിളിച്ചെന്ന് സാക്ഷികള്‍

  • 06/10/2025

ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമം. ഡയസിന് അരികിലെത്തിയ അഭിഭാഷക വേഷം ധരിച്ചയാൾ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. ഇയാള്‍ സുപ്രീംകോടതി അഭിഭാഷകനാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.


ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഗവായ് നടത്തിയ പരാമർശം ചര്‍ച്ചയായിരുന്നു. 'ഇപ്പോൾ പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടൂ. നിങ്ങൾ ഭഗവാൻ വിഷ്ണുവിന്റെ കടുത്ത ഭക്തനാണെന്ന് നിങ്ങൾ പറയുന്നു. അതിനാൽ ഇപ്പോൾ പോയി പ്രാർത്ഥിക്കൂ. ഇത് ഒരു പുരാവസ്തു സ്ഥലമാണ്. എഎസ്ഐ അനുമതി നൽകേണ്ടതുണ്ട്', എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇപ്പോഴുണ്ടായ പ്രതിഷേധവും ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related News