നിയുക്ത ഇന്ത്യന്‍ സ്ഥാനപതി പരമിത തൃപതിയുമായി ഐ.ബി.പി.സി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി

  • 11/11/2025



കുവൈത്ത്‌സിറ്റി: കുവൈറ്റിലെ നിയുക്ത ഇന്ത്യന്‍ സ്ഥാനപതി പരമിത തൃപതിയുമായി ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലിന്റെ (ഐ.ബി.പി.സി) ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഐ.ബി.പി.സി ചെയര്‍മാന്‍ കൈസര്‍ ടി. ഷാക്കിര്‍, സെക്രട്ടറി സുരേഷ് കെ.പി., ജോയിന്റ് സെക്രട്ടറി സുനിത് അറോറ, ട്രഷറര്‍ കൃഷന്‍ സൂര്യകാന്ത് എന്നിവര്‍ സംബന്ധിച്ചു.

കുവൈത്തില്‍ ഇന്നലെ എത്തിയ നിയുക്ത സ്ഥാനപതിയുടെ ആദ്യ ഔദ്യോഗിക ഇടപെടലുകളില്‍ ഒന്നായിരുന്നു ഐബിപിസിയുമായുള്ള കൂടിക്കാഴ്ച. ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രചോദനാത്മകമായ കാഴ്ചപ്പാട് പരമിത പ്രകടിപ്പിച്ചു.

കുവൈത്ത് -ഇന്ത്യ ബന്ധത്തില്‍ പുരോഗതി ഉണ്ടാക്കുന്നതിന് കഴിഞ്ഞ 24-വര്‍ഷത്തെ ഐബിപിസി പ്രവര്‍ത്തനങ്ങളെ ശ്‌ളാഹിച്ചു. ഇന്ത്യന്‍ എംബസിക്കുള്ള അചഞ്ചലമായ പിന്തുണ, സാമ്പത്തിക ഇടപെടല്‍, സാംസ്‌കാരിക ബന്ധം, സമൂഹ ക്ഷേമം എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് വരാനിരിക്കുന്ന എല്ലാ സംരംഭങ്ങളിലും സഹകരിക്കാനുള്ള സന്നദ്ധതയും ഐ.ബി.പി.സി അറിയിച്ചു.

ഐ.ബി.പി.സി നാളെ(നവംബര്‍ 12)നടത്തുന്ന 24-മത് വാര്‍ഷിക സമ്മേളനത്തില്‍ പരമിത തൃപതി അഭിസംബോധന ചെയ്യും. കുവൈത്ത് വാണീജ്യ കാര്യ മന്ത്രി ഖലീഫ അബ്ദുല്ല അല്‍ അജീല്‍ ചടങ്ങ് ഉദ്ദ്ഘാടനം നിര്‍വ്വഹിക്കും. എച്ച്സിഎല്‍ ടെക്കിന്റെ ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര മുഖ്യപ്രഭാക്ഷകയായിരിക്കും.

നിയുക്ത സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഡി.സി.എം. സഞ്ജയ് കെ.മല്ലുക,ഉദ്ദ്യേഗസ്ഥരായ ദേവേന്ദ്ര പുഞ്ച്,ഹരിത് കേതന്‍ ഷാലത്ത് തുടങ്ങിയവരും സംബന്ധിച്ചിരുന്നു.

Related News