സുഹൃത്തുമായി ചേർന്ന് മയക്കുമരുന്ന് ഉപയോഗം: മക്കളെ അമ്മക്ക് കൈമാറാൻ ഉത്തരവ്

  • 10/11/2025

  


കുവൈത്ത് സിറ്റി: മക്കളുടെ കസ്റ്റഡി പിതാവിൽ നിന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച കേസ് തള്ളിയ കീഴ്‌ക്കോടതി വിധി ഫാമിലി കോർട്ട് ഓഫ് അപ്പീൽസ് റദ്ദാക്കി. ഇതോടെ രണ്ട് കുട്ടികളുടെയും കസ്റ്റഡി മാതാവിന് പുനഃസ്ഥാപിച്ചു നൽകി. പിതാവ് കുട്ടികളുടെ സാന്നിധ്യത്തിൽ വീടിനുള്ളിൽ വെച്ച് സുഹൃത്തുമായി ചേർന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ ഹാജരാക്കി, കുട്ടികളെ സംരക്ഷിക്കാൻ പിതാവ് യോഗ്യനല്ലെന്ന് പരാതിക്കാരിയുടെ കൗൺസൽ അഡ്വക്കേറ്റ് ഇനാം ഹൈദർ തെളിയിച്ചു.

കുട്ടികളുടെ ഉചിതമായ പരിചരണത്തിനും വളർത്തലിനും മുൻഗണന നൽകുന്ന കസ്റ്റഡി തത്വങ്ങൾക്ക് വിരുദ്ധമാണ് പിതാവിൻ്റെ പെരുമാറ്റം. വിദ്യാഭ്യാസപരമായും ധാർമ്മികപരമായും അനുയോജ്യമല്ലാത്ത ഒരന്തരീക്ഷത്തിൽ നിന്ന് കുട്ടികളെ മാറ്റുന്നത് അവരുടെ ഉത്തമ താൽപ്പര്യങ്ങൾക്ക് അത്യാവശ്യമാണെന്നും പരാതിക്കാരിയുടെ കൗൺസൽ അഡ്വക്കേറ്റ് വാദിച്ചു. ഇരു കുട്ടികളുടെയും കസ്റ്റഡി ഔദ്യോഗികമായി മാതാവിന് അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. കൂടാതെ, കുട്ടികളുടെ പിതാവ് ചെലവിനുള്ള തുകകളും മാതാവിന് നൽകണം എന്നും കോടതി വിധിച്ചു. കൂടാതെ, രണ്ട് തലത്തിലുള്ള വ്യവഹാരങ്ങൾക്കുമുള്ള നിയമപരമായ യഥാർത്ഥ ഫീസുകൾ പിതാവ് വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

Related News