മകളുടെ ഇരുകൈകളും പിറകില്‍ കെട്ടി കനാലിലേക്ക് തളളി പിതാവ് അറസ്റ്റിൽ

  • 05/10/2025


പഞ്ചാബ്: മകളുടെ ഇരുകൈകളും പിറകില്‍ കെട്ടി കനാലിലേക്ക് തളളി പിതാവ് അറസ്റ്റിൽ. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. മകള്‍ പ്രണയത്തിലാണെന്ന സംശയത്തിന്റെ പേരിലായിരുന്നു പിതാവിന്റെ ക്രൂരത. പൊലീസ് പറയുന്നതനുസരിച്ച്, സുര്‍ജിത് സിംഗിന് താല്‍പ്പര്യമില്ലാത്ത ഒരാളുമായി മകള്‍ പ്രണയത്തിലാണെന്ന സംശയമുണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ അതിന്റെ പേരില്‍ മകളെ രണ്ട് കൈകളും പിന്നില്‍ കെട്ടി കനാനിലേക്ക് എറിഞ്ഞത്. ഇതിന്റെ വീഡിയോയും ഇയാള്‍ ഫോണില്‍ പകര്‍ത്തി. പെണ്‍കുട്ടിയുടെ അമ്മ ഈ സമയം കരയുന്നതും മകളെ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

സുര്‍ജിത് സിംഗിന്റെ ബന്ധുവാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

'ഞാന്‍ അവളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. പക്ഷെ അവള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് എനിക്കീ തീരുമാനം എടുക്കേണ്ടിവന്നു' എന്നാണ് സുര്‍ജിത് സിംഗ് പൊലീസിനോട് പറഞ്ഞത്. അതേസമയം, കനാലില്‍ വീണ് കാണാതായ പെണ്‍കുട്ടിക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്. വീഡിയോയുടെയും ഫോറന്‍സിക് പരിശോധനകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related News